ലണ്ടന്‍: കരിയറിലെ 300-ാം ഗ്രാന്‍സ്ലാം മത്സരം വിജയിച്ചുകൊണ്ട് ഒന്നാം സീഡ് അമേരിക്കയുടെ സെറീന വില്യംസ് വിംബിള്‍ഡണിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ജര്‍മനിയുടെ അനീക്ക ബെക്കിനെ 6-3, 6-0നാണ് സെറീന തോല്പിച്ചത്. പ്രീക്വാര്‍ട്ടറില്‍ റഷ്യയുടെ സ്വെറ്റ്ലാന കുസ്‌നട്‌സോവയാണ് സെറീനയുടെ എതിരാളി. വനിതാ വിഭാഗം പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ലൈനപ്പ് ഇതോടെ പൂര്‍ത്തിയായി.

 അനസ്താസിയ പാവ്ലുച്ചെങ്കോവ-കോകോ വാന്‍ഡവെഗെ, അഗ്‌നീസ്‌ക റഡ്വാന്‍സ്‌ക-ഡൊമിനിക്ക സിബുല്‍ക്കോവ, എക്കാത്തറീന മകറോവ-എലേന വെസ്‌നിന, സിമോണ ഹാലേപ്പ്-മാഡിസണ്‍ കെയ്‌സ്, മിസാക്കി ദോയ്-അന്ന ലെന ഫ്രീഡ്‌സാം, വീനസ് വില്യംസ്-കാര്‍ല സുവാരസ് നവാരോ, യാറോസ്ലാവ ഷ്വെഡോവ-ലൂസി സഫറോവ എന്നിവര്‍ തമ്മിലാണ് പ്രീക്വാര്‍ട്ടറിലെ മറ്റു മത്സരങ്ങള്‍.

പുരുഷവിഭാഗത്തില്‍ അര്‍ജന്റീനയുടെ മുന്‍ യു.എസ്. ഓപ്പണ്‍ ചാമ്പ്യന്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ പരാജയപ്പെട്ടു. ഫ്രാന്‍സിന്റെ ലൂക്കാസ് പോയിലെയാണ് 6-7, 7-6, 7-5, 6-1ന് ഡെല്‍ പോട്രോയെ തോല്പിച്ചത്.