താന്‍ ഗര്‍ഭിണിയാണെന്ന് ടെന്നിസ് സൂപ്പര്‍താരം സെറീന വില്ല്യംസ്. ഈ വര്‍ഷം ഇനി താരം ഒരു ടൂര്‍ണമെന്റിലും മത്സരിക്കില്ലെന്ന് സെറീനയുടെ വക്താവ് കെല്ലി ബുഷ് നൊവാക് അറിയിച്ചു.

സ്‌നാപ്ചാറ്റിലൂടെയാണ് സെറീന താന്‍ ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവിട്ടത്. '20 ആഴ്ചകള്‍' എന്ന കുറിപ്പോടെ താരം തന്റെ ചിത്രം പോസ്റ്റ് ചെയ്യുകയായിരുന്നു. 

ഈ ചിത്രം സെറീന പിന്നീട് നീക്കം ചെയ്‌തെങ്കിലും അധികം വൈകാതെ അവരുടെ വക്താവ് കെല്ലി വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. 

Pregnant_Serena_Snapchat
സെറീന സ്‌നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്ത ചിത്രം

 

വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടതോടെ ഗര്‍ഭിണിയായിരിക്കെയാണ് സെറീന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയതെന്ന് വ്യക്തമായി. ജനുവരി 28നാണ് സെറീന സഹോദരി വീനസിനെ തോല്‍പിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടിയത്.  

സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോഡും മുപ്പത്തഞ്ചുകാരിയായ സെറീന സ്വന്തമാക്കിയിരുന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിതാ അത്‌ലറ്റ് കൂടിയാണ് സെറീന.

Serena Williams
സെറീന അലെക്‌സിസിനൊപ്പം.

 

ഡിസംബറില്‍ റെഡ്ഡിറ്റ് സഹസ്ഥാപകന്‍ അലെക്‌സിസ് ഒഹാനിയനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി സെറീന അറിയിച്ചിരുന്നു. ഇവരുടെ വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.