പാരിസ്: ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയ ലോക രണ്ടാം നമ്പർ താരം നവോമി ഒസാക്കയ്ക്ക് പിന്തുണയുമായി ഇതിഹാസ താരം സെറീന വില്ല്യംസ്. ഒസാക്കയെ തനിക്ക് മനസ്സിലാക്കാൻ കഴിയുമെന്നും അവളെ കെട്ടിപ്പിടിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും സെറീന വ്യക്തമാക്കി.

'ഒസാക്കയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എനിക്ക് മനസ്സിലാകും. ഞാനും അതുപോലെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എല്ലാ മനുഷ്യരും ഒരുപോലെയല്ല. വ്യത്യസ്തരാണ് നമ്മൾ ഓരോരുത്തരും. എല്ലാവരും പ്രശ്നങ്ങളെ നേരിടുന്നതും വ്യത്യസ്തമായാണ്.

ഈ സമയം ഒസാക്കയെ അവളുടെ തീരുമാനത്തിന് വിടുകയാണ് വേണ്ടത്. അവൾ ആഗ്രഹിക്കുന്ന തരത്തിൽ ഈ സാഹചര്യത്തെ നേരിടട്ടെ. അവൾക്ക് ചെയ്യാൻ കഴിയുന്നതിൽ ഏറ്റവും മികച്ചതാണ് ഇപ്പോൾ ചെയ്യുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.' സെറീന വ്യക്തമാക്കി.

18 തവണ ഗ്രാൻസ്ലാം ജേതാവായ മാർട്ടിന നവരത്തിലോവ, 12 ഗ്രാൻസ്ലാം കിരീടം നേടിയ ബില്ലീ ജീൻ കിങ്, എൻബിഎ മെഗാസ്റ്റാർ സ്റ്റീഫൻ കറി എന്നിവരും ഒസാക്കയ്ക്ക് പിന്തുണയുമായെത്തി. വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നത് മാത്രമല്ല ഒസാക്കയുടെ പ്രശ്നമെന്നും അതിനേക്കാൾ കൂടുതൽ ഗൗരവം നൽകേണ്ട മാനസിക സമ്മർദ്ദമാണ് ഒസാക്ക അനുഭവിക്കുന്നതെന്നും നവരത്തിലോവ വ്യക്തമാക്കി. ഒസാക്കയ്ക്ക് തീരുമാനം എടുക്കേണ്ട സമയം നൽകണമെന്നും എല്ലാം അവളുടെ ഇഷ്ടത്തിന് വിടണമെന്നും ബില്ലി ജീൻ കിങ് വ്യക്തമാക്കി. ഒസാക്കയോടെ ബഹുമാനം തോന്നുന്നും എന്നായിരുന്നു സ്റ്റീഫൻ കറിയുടെ പ്രതികരണം.

ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ കോർട്ട് വിട്ട ഒസാക്കയെ പുറത്താക്കുമെന്ന് നാല് ഗ്രാൻസ്ലാം ടൂർണമെന്റുകളുടേയും സംഘാടകർ സംയുക്ത പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഒസാക്ക ടൂർണമെന്റിൽ നിന്ന് സ്വയം പിന്മാറിയത്.

Content Highlights: Serena Williams supports Naomi Osaka French Open Tennis