2018 ജൂലായ് 31 എന്ന ദിവസം സെറീന വില്ല്യംസ് തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. കരിയറിലെ ഏറ്റവും ദയനീയവും വേദനാജനകവുമായ തോല്‍വിയാണ് അന്ന് സെറീന ഏറ്റുവാങ്ങിയത്. ഡബ്ല്യു.ടി.എ ടൂറിന്റെ ഭാഗമായുള്ള സിലിക്കണ്‍ വാലി ക്ലാസിക്കില്‍ ബ്രിട്ടീഷ് താരം ജൊഹാന കോന്റയോട് 6-1,6-0ത്തിനാണ് സെറീന തോല്‍വി രുചിച്ചത്. 

അന്ന് ടെന്നീസ് ആരാധകരെല്ലാം അമ്പരന്നു. സെറീനക്ക് എന്താണ് സംഭവിച്ചതെന്ന് അവര്‍ പരസ്പരം ചോദിച്ചു. ആ തോല്‍വിയിലേക്ക് തള്ളിയിട്ട ശക്തമായ ഒരു മാനസിക സമ്മര്‍ദ്ദം അന്ന സെറീനയ്ക്കുണ്ടായിരുന്നു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സെറീന തന്റെ മനസ്സ് തുറന്നു.

ആ മത്സരത്തിനിറങ്ങുന്നതിന് തൊട്ടുമുമ്പ് വെറുതെ ഇന്‍സ്റ്റഗ്രാം തുറന്നു നോക്കിയതായിരുന്നു സെറീന. അപ്പോഴാണ് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വാര്‍ത്ത കണ്ടത്. തന്റെ അര്‍ദ്ധ സഹോദരിയായ യെറ്റുന്‍ഡെ പ്രൈസിനെ വെടിവെച്ചുകൊന്ന കൊലയാളി പരോളിലിറങ്ങിയിരിക്കുന്നു. 2003 സെപ്റ്റംബറിലാണ് യെറ്റുന്‍ഡെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ആ സമയത്ത് യെറ്റുന്‍ഡെക്ക് മൂന്നു കുഞ്ഞുങ്ങളുണ്ടായിരുന്നു. പതിനൊന്നും ഒമ്പതും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങള്‍.

ഈ വാര്‍ത്ത കണ്ടതോടെ മനസ്സ് കൈവിട്ട് പോയെന്നും കളിയില്‍ ശ്രദ്ധിക്കാനായില്ലെന്നും സെറീന അഭിമുഖത്തില്‍ പറയുന്നു. ഞാന്‍ അവളുടെ കുഞ്ഞുങ്ങളെ കുറിച്ചാണ് ആലോചിച്ചത്. എന്നെ സംബന്ധിച്ച് ആ കുഞ്ഞുങ്ങള്‍ എനിക്ക് ആരാണെന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ എത്രമാത്രം അവരെ സ്‌നേഹിക്കുണ്ടെന്നും ചിന്തിച്ചു.

എന്തൊക്കെയായാലും അവള്‍, എന്റെ സഹോദരി, ഇനി തിരിച്ചുവരില്ല. എന്നെ ഒരു തവണ പോലും കെട്ടിപ്പിടിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ലല്ലോ എന്നത് വേദനിപ്പിക്കുന്നു. തെറ്റു ചെയ്താല്‍ മാപ്പ് നല്‍കണമെന്നാണ് ബൈബിളില്‍ പറയുന്നത്. ഞാന്‍ അവിടെ വരെയൊന്നും എത്തിയിട്ടില്ല. ഒരിക്കല്‍ ഞാന്‍ മാപ്പ് കൊടുക്കുമായിരിക്കും. ആ ദിവസം വരുമെന്ന് തന്നെയാണ് പ്രതീക്ഷ. സെറീന പറയുന്നു. 

Content Highlights: Serena Williams says she learned sister's killer was paroled before lopsided loss