പെർത്ത്: ടെന്നിസ് കോര്‍ട്ടില്‍ സമാനതകളില്ലാത്ത ഇതിഹാസങ്ങളാണ് റോജര്‍ ഫെഡററും സെറീന വില്ല്യംസും. ഓപ്പണ്‍ കാലത്ത് ഇരുപതില്‍ കൂടുതല്‍ ഗ്രാന്‍ഡ്സ്ലാമുകള്‍ സ്വന്തമാക്കിയ രണ്ടേ രണ്ട് താരങ്ങള്‍. എട്ടു തവണ ഒരേ കോര്‍ട്ടില്‍ ഒരേ ഗ്രാന്‍ഡ്സ്ലാമില്‍ കിരീടം ചൂടിയവര്‍.
 
ഇപ്പോഴിതാ ചരിത്രത്തില്‍ ആദ്യമായി ഒരേ കോര്‍ട്ടില്‍ പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച പുരുഷ, വനിതാ താരങ്ങള്‍. 2010ല്‍ ഹെയ്ത്തിക്കുവേണ്ടിയുള്ള ധനശേഖരണാര്‍ഥം നടത്തിയ ഒരു പ്രദര്‍ശന മത്സരത്തില്‍ ഇരുവരും കളിച്ചിരുന്നെങ്കിലും പരസ്പരം ഏറ്റുമുട്ടിയിരുന്നില്ല.
 
ഓസ്ട്രേലിയയിലെ പെർത്തിൽ നടക്കുന്ന ഹോപ്മാന്‍ കപ്പിന്റെ മിക്‌സഡ് ഡബിള്‍സിലാണ് ഇരുവരും ചരിത്രത്തില്‍ ആദ്യമായി പരസ്പരം ഏറ്റുമുട്ടുന്നത്. ബെലിന്‍ഡ ബെന്‍സിച്ചാണ് സ്വിസ് ടീമില്‍ ഫെഡററുടെ പങ്കാളി. ഫ്രാന്‍സിസ് ടിയാഫോയാണ് അമേരിക്കയ്ക്കുവേണ്ടി കളിക്കുന്ന സെറീന വില്ല്യസിന്റെ ജോഡി.
 
ഞങ്ങള്‍ ആവേശത്തോടെയാണ് ഈ മത്സരത്തിനായി കാത്തിരിക്കുന്നത്. ഒരുപാട് ആരാധകര്‍ ഈ മത്സരം കാണാനെത്തും എന്നാണ് എന്റെ വിശ്വാസം. ഇത്തരമൊരു മത്സരം ഇനി സാധ്യമാവുമോ എന്നും അറിയില്ല-ഫെഡറര്‍ പറഞ്ഞു. സ്വപ്‌നസാഫല്യം എന്നാണ് ഈ മത്സരത്തെ സെറീന വില്ല്യംസ് വിശേഷിപ്പിച്ചത്.
 
മുപ്പത്തിയൊന്ന് തവണ ഗ്രാന്‍ഡ് സ്ലാം നേടിയ ബില്ലി ജീന്‍ കിങ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബോബി റിഗ്‌സിനെ തോല്‍പിച്ച 1973ലെ ബാറ്റിങ് ഓഫ് ദി സെക്‌സസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തിനുശേഷം ടെന്നിസ്  ലോകം ഇതാദ്യമായാണ് ഒരു മിക്‌സഡ് ഡബിള്‍സ് മത്സരത്തിനുവേണ്ടി ഇങ്ങനെ കാത്തിരിക്കുന്നത്.
 
രണ്ട് സിംഗിള്‍സ് മത്സരങ്ങളും ഒരു മിക്‌സഡ് ഡബിള്‍സ് മത്സരവുമാണ് റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ നടക്കുന്ന ഹോപ്മാന്‍ കപ്പിലുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സ്വിറ്റ്‌സര്‍ലന്‍ഡ്  ആദ്യത്തെ റൗണ്ട് റോബിന്‍ മത്സരത്തില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറി-കെയ്റ്റ് ബൗള്‍ട്ടര്‍ സഖ്യത്തെ തോല്‍പിച്ചു. അതേസമയം  വനിതാ സിംഗിള്‍സില്‍ സെറീന ജയിച്ചെങ്കിലും യു.എസ്.എ ആദ്യ മത്സരത്തില്‍ ഗ്രീസിനോട് തോല്‍ക്കുകയായിരുന്നു.
 
Content Highlights: Serena Williams Roger Federer Hopman Cup Grand Slam