ലണ്ടന്‍:വിംബിള്‍ഡണില്‍ എട്ടാം കിരീടം ചൂടാന്‍ അമ്മയും 36-കാരിയുമായ സെറീന വില്യംസിന് സുവര്‍ണാവസരം. ചൊവ്വാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ 25-ാം സീഡുകാരിയായ സെറീന ഇറ്റലിയുടെ സീഡില്ലാതാരമായ കാമില ജോര്‍ജിയെ തോല്പിച്ചതോടെയാണിത് (6-3, 3-6, 6-4).

ഏഴ് തവണ ചാമ്പ്യനായിട്ടുണ്ടെങ്കിലും സെമിഫൈനലില്‍ അവശേഷിക്കുന്ന ഏറ്റവും താഴ്ന്ന സീഡുകാരിയാണ് സെറീന. അതേസമയം, ആദ്യ 10 സീഡുകാരും സെമിക്ക് മുമ്പ് പുറത്തായത് പരിചയമ്പന്നയായ അമേരിക്കന്‍ താരത്തിന്റെ സാധ്യത വര്‍ധിപ്പിച്ചിരിക്കയാണ്. 11-ാം സീഡ് ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബര്‍(30), 12-ാം സീഡ് ലാത്വിയയുടെ യെലേന ഒസ്റ്റാപെങ്കോ(21), 13-ാം സീഡായ ജര്‍മനിയുടെ ജൂലിയ ജോര്‍ജസ്(29) എന്നിവരാണ് സെമിയിലെത്തിയ മറ്റ് താരങ്ങള്‍. സെമിയില്‍ സെറീനയ്ക്ക് ജൂലിയയും കെര്‍ബര്‍ക്ക് ഒസ്റ്റാപെങ്കോയുമാണ് എതിരാളികള്‍.

ചൊവ്വാഴ്ച നടന്ന മറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ രണ്ട് ഗ്രാന്‍സ്ലാം കിരീടത്തിനുടമയായ കെര്‍ബര്‍ റഷ്യയില്‍ നിന്നുള്ള 14-ാം സീഡ് ദാരിയ കസാട്കിനയെയും (6-3, 7-5) ഫ്രഞ്ച് ഓപ്പണ്‍ മുന്‍ചാമ്പ്യനായ ഒസ്റ്റാപെങ്കോ സ്ലൊവാക്യയുംടെ ഡൊമിനിക്ക സിബുല്‍ക്കോവയെയും(7-5, 6-4) ജൂലിയ ഡച്ചുകാരി കിക്കി ബെര്‍ട്ടന്‍സിനെയും (3-6, 7-5, 6-1) പരാജയപ്പെടുത്തി.

വിംബിള്‍ഡണ്‍ സെമിയിലെത്തുന്ന ആദ്യ ലാത്വിയന്‍ വനിതാതാരമാണ് ഒസ്റ്റാപെങ്കോ. വിംബിള്‍ഡണില്‍ ഇക്കുറി അവശേഷിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരിയും വിംബിള്‍ഡണ്‍ മുന്‍ജൂനിയര്‍ ചാമ്പ്യന്‍കൂടിയായ ഒസ്റ്റാപെങ്കോയാണ്.

പുരുഷവിഭാഗം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ബുധനാഴ്ച നടക്കും. ടോപ് സീഡ് റോജര്‍ ഫെഡറര്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ(8) എതിരിടുമ്പോള്‍ രണ്ടാം സീഡായ റാഫേല്‍ നഡാല്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയുമായി കൊമ്പുകോര്‍ക്കും. മറ്റ് രണ്ട് കളികളില്‍ മൂന്നുവട്ടം ചാമ്പ്യനായ നൊവാക് ദ്യോക്കോവിച്ച് ജപ്പാന്‍താരം കെയി നിഷിക്കോരിയെയും ഒമ്പതാം സീഡായ ജോണ്‍ ഇസ്‌നര്‍ കാനഡയുടെ മിലോസ് റാവോണിച്ചിനെയും നേരിടും. 

ചൊവ്വാഴ്ച പൂര്‍ത്തിയായ മത്സരത്തില്‍ ഫ്രാന്‍സിന്റെ ജൈല്‍സ് സൈമണിനെ പരാജയപ്പെടുത്തിയാണ് ഡെല്‍പോട്രോ ക്വാര്‍ട്ടറിലെത്തിയത്. മത്സരം നാല് മണിക്കൂറും 24 മിനിറ്റും നീണ്ടു. തിങ്കളാഴ്ച പൂര്‍ത്തിയാകാതെ പോയ മത്സരം അടുത്തദിവസത്തേക്ക് നീട്ടിവെക്കുകയായിരുന്നു.