ലണ്ടൻ: 24-ാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ട് വിംബിൾഡൺ കളിക്കാനെത്തിയ സെറീന വില്ല്യംസിന് നിരാശ മാത്രം ബാക്കി. ആദ്യ റൗണ്ടിലേറ്റ പരിക്കിനെ തുടർന്ന് ആറാം സീഡായ സെറീന ടൂർണമെന്റിൽ നിന്ന് പിന്മാറി.

തന്റെ ആദ്യ റൗണ്ടിൽ സീഡില്ലാ താരമായ ബെലാറസിന്റെ അലക്സാൻഡിയ സസ്നോവിച്ചിനെതിരെ 3-2ന് മുമ്പിൽ നിൽക്കുമ്പോൾ സെറീനയ്ക്ക് പരിക്കേൽക്കുകയായിരുന്നു. സെന്റർ കോർട്ടിൽ കളിക്കുന്നതിനിടെ തെന്നിവീണ അമേരിക്കൻ താരത്തിന്റെ കണങ്കാലിന് പരിക്കേറ്റു. ഇടവേളയെടുത്ത് തിരിച്ചുവന്നെങ്കിലും പരിക്ക് അലട്ടി. സസ്നോവിച്ച് മത്സരം 3-1ൽ നിന്ന് 3-3ൽ എത്തിച്ചു. അടുത്ത സെർവിനായി ഒരുങ്ങുന്നതിനിടെ വേദന സഹിക്കാനാകാതെ സെറീന കരഞ്ഞു. പിന്നാലെ പിന്മാറുന്നതായി അറിയിച്ചു.

ഇത് എന്റെ ഹൃദയം തകർക്കുന്നു എന്നാണ് അമേരിക്കൻ താരം പിന്നീട് പ്രതികരിച്ചത്. ഇൻസ്റ്റഗ്രാമിലായിരുന്നു താരത്തിന്റെ പ്രതികരണം. ഇതോടെ ഇതിഹാസ താരം മാർഗരറ്റ് കോർട്ടിന്റെ 24 ഗ്രാൻസ്ലാമുകൾ എന്ന റെക്കോഡിലേക്കെത്താൻ 39-കാരിയായ സെറീനക്ക് ഇനിയും കാത്തിരിക്കണം.

ഇതിന് പിന്നാലെ വിംബിൾഡണിലെ തെന്നിവീഴുന്ന കോർട്ടിൽ ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടീഷ് താരം ആൻഡി മറേയും രംഗത്തെത്തി. സെറീനയുടെ പിന്മാറ്റം വിശ്വസിക്കാൻ കഴിയുന്നില്ലെന്നായിരുന്നു ഇതിഹാസ താരം റോജർ ഫെഡററുടെ പ്രതികരണം.

വിംബിൾഡണിൽ ഇത് രണ്ടാമത്തെ താരമാണ് മത്സരത്തിനിടെ തെന്നിവീഴുന്നത്. കഴിഞ്ഞ ദിവസം മഴയെ തുടർന്ന് ഫ്രഞ്ച് താരം അഡ്രിയാൻ മനാരിനോയും വീണിരുന്നു.

Content Highlights: Serena Williams Limps Out Of Wimbledon In Tears After Injury In First Round