സിഡ്‌നി: 24-ാം ഗ്രാന്‍സ്ലാം കിരീടമെന്ന റെക്കോഡ് നേട്ടത്തിലേക്ക് അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്ല്യംസിന്‌ ഇനിയും കാത്തിരിക്കണം. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ എട്ടാം സീഡായ സെറീനയ്ക്ക് തോല്‍വി. 27-ാം സീഡായ ചൈനീസ് താരം വാങ് ക്വിയാങ് സെറീനയെ അട്ടിമറിച്ചു. 

മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ചൈനീസ് താരത്തിന്റെ വിജയം. ആദ്യ സെറ്റ് നഷ്ടമായ ശേഷം സെറീന രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ടൈ ബ്രേക്കറിലൂടെ വിജയിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ വാങ് ക്വിയാങ് തിരിച്ചുവന്നു. സ്‌കോര്‍: 6-4, 6-7(2), 7-5. 

കഴിഞ്ഞ വര്‍ഷം യു.എസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സെറീന, വാങ് ക്വിയാങിനെ തോല്‍പ്പിച്ചിരുന്നു. അന്ന് 6-1, 6-0ത്തിനായിരുന്നു സെറീനയുടെ വിജയം. ഇതിനുള്ള മധുരപ്രതികാരം കൂടിയായി ചൈനീസ് താരത്തിന് ഈ വിജയം. 

Wang Qiang
ചൈനീസ് താരത്തിന്റെ വിജയാഘോഷം  ഫോട്ടോ: ട്വിറ്റര്‍/ഓസ്‌ട്രേലിയന്‍ ഓപ്പണ്‍

24 ഗ്രാന്‍സ്ലാം കിരീടം നേടിയാല്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താന്‍ സെറീനക്ക് കഴിയും. നിലവില്‍ അമേരിക്കന്‍ താരത്തിന്റെ അക്കൗണ്ടില്‍ 23 കിരീടങ്ങളുണ്ട്. എന്നാല്‍ 2017 ഓസ്‌ട്രേലിയന്‍ ഓപ്പണിന് ശേഷം സെറീനക്ക് കിരീടം നേടാനായിട്ടില്ല. ഇതിനുശേഷം നാല് ഗ്രാന്‍സ്ലാം ഫൈനലിലും സെറീന തോറ്റു. രണ്ടു തവണ വീതം വിംബിള്‍ഡണിലും യു.എസ് ഓപ്പണിലുമായിരുന്നു ഈ തോല്‍വി.

Content Highlights: Serena Williams knocked out of Australian Open by Wang Qiang