ന്യൂയോർക്ക്: റാഫേൽ നദാലിനും ഡൊമിനിക് തീമിനും പിന്നാലെ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി സെറീന വില്ല്യംസും. ഒളിമ്പിക്സിൽ പങ്കെടുക്കുകയാണെങ്കിൽ മൂന്നു വയസ് പ്രായമുള്ള മകൾ ഒളിമ്പിയയെ കുറച്ചു ദിവസത്തേക്ക് പിരിഞ്ഞിരിക്കേണ്ടി വരുമെന്നതാണ് സെറീനയുടെ പിന്മാറ്റത്തിന് കാരണം. കോവിഡ് സുരക്ഷ മുൻനിർത്തി മത്സരാർഥികളുടെ കുടുംബാഗങ്ങളേയും വിദേശ കാണികളേയും ഒളിമ്പിക്സിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.

39-കാരിയായ സെറീന ഒളിമ്പിക്സിൽ നാല് സ്വർണ മെഡൽ നേടിയിട്ടുണ്ട്. 2000 സിഡ്നി ഒളിമ്പിക്സിലും 2008 ബെയ്ജിങ് ഒളിമ്പിക്സിലും ഡബിൾസിൽ സ്വർണം നേടിയ സെറീന 2012 ലണ്ടൻ ഒളിമ്പിക്സിൽ സിംഗിൾസിലും ഡബിൾസിലും സ്വർണം കഴുത്തിലണിഞ്ഞു. സഹോദരിയായ വീനസ് വില്ല്യംസിനൊപ്പമാണ് സെറീനയുടെ മൂന്ന് ഡബിൾസ് സ്വർണ നേട്ടവും.

എന്നാൽ 2016 റിയോ ഒളിമ്പിക്സ് സിംഗിൾസിൽ സെറീന മൂന്നാം റൗണ്ടിൽ തോറ്റു പുറത്തായി. യുക്രെയ്ന്റെ എലീന സ്വിറ്റോലിനയോടാണ് പരാജയപ്പെട്ടത്. ഡബിൾസിൽ ആദ്യ റൗണ്ടിൽ തോൽവി നേരിട്ടു. അതിനു മുമ്പ് ഒളിമ്പിക്സിൽ ഒരൊറ്റ മത്സരത്തിൽപോലും സെറീന-വീനസ് സഖ്യം പരാജയപ്പെട്ടിരുന്നില്ല.

Content Highlights: Serena Williams joins growing list of tennis stars to skip Tokyo Olympics