മെല്‍ബണ്‍: മുപ്പത്തിയൊന്‍പതാം വയസ്സില്‍ വലിയൊരു നേട്ടത്തിന്റെ പടിവാതില്‍ക്കലായിരുന്നു സെറീന വില്ല്യംസ്. ഒരൊറ്റ കിരീടജയം കൂടി ഉണ്ടായിരുന്നെങ്കില്‍ ഇരുപത്തിനാല് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്തുമായിരുന്നു ടെന്നിസ് ഇതിഹാസം. അതിനായി രണ്ടേ രണ്ട് ജയങ്ങള്‍ കൂടിയേ വേണ്ടിയിരുന്നുള്ളൂ സെറീനയ്ക്ക്. എന്നാല്‍, റോഡ് ലെവര്‍ അരീനയിലെ സെമിയില്‍ നവോമി ഒസാക്ക ആ സ്വപ്‌നം നേരിട്ടുള്ള സെറ്റുകള്‍ക്ക് ഛിന്നഭിന്നമാക്കി.
മുപ്പത്തിയൊന്‍പതുകാരിയായ സെറീനയ്ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു ഈ തോല്‍വി. സങ്കടം അടക്കാനായതുമില്ല. കണ്ണീരടക്കാന്‍ പാടുപെട്ടാണ് സെറീന കോര്‍ട്ട് വിട്ടത്. തൊണ്ടയിടറിയപ്പോള്‍ മത്സരശേഷമുള്ള വാര്‍ത്താസമ്മേളം പാതിവഴിയിലുപേക്ഷിച്ച് മടങ്ങുകയും ചെയ്തു. കോര്‍ട്ടില്‍ നിന്ന് നെഞ്ചില്‍ കൈവച്ചുകൊണ്ടുള്ള സെറീനയുടെ മടക്കത്തെ വിരമിക്കലിന്റെ സൂചനയായും വ്യാഖ്യാനിച്ചവരുണ്ട്.
'ഞങ്ങള്‍ തമ്മില്‍ ഇന്നുണ്ടായിരുന്ന വ്യത്യാസം പിഴവുകളുടേതായിരുന്നു. ഞാനിന്ന് ഒരുപാട് പിഴവുകള്‍ വരുത്തി. എനിക്ക് ജയിക്കാവുന്ന ഒരുപാട് സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇന്നെനിക്ക് പിഴവുകളുടെ ദിനമായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് എനിക്കറിയില്ല-വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ സെറീന പറഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണോടെ വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് സെറീന തള്ളിക്കളഞ്ഞു. ഞാന്‍ എന്നെങ്കിലും വിടപറയുമെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അക്കാര്യം ആരോടും പറയില്ല-സെറീന പറഞ്ഞു.
ഇരുപതിമൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങളാണ് സെറീന ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. നാലു വര്‍ഷം മുന്‍പ് ഗര്‍ഭിണിയായിരിക്കെയായിരുന്നു അവസാന കിരീടനേട്ടം. അതും മെല്‍ബണില്‍ വച്ചുതന്നെ.