ടെന്നിസ് താരം സെറീന വില്ല്യംസിന്റെ ഏറ്റവും വലിയ ആരാധകന്‍ ആരാണെന്ന ചോദ്യത്തിന് സംശയമേതുമില്ല. അലെക്‌സിസ് ഒഹാനിയന്‍. സെറീനയുടെ ഭര്‍ത്താവ് റെഡിറ്റിന്റെ സഹസ്ഥാപകന്‍. കോര്‍ട്ടില്‍ പ്രായം മറന്ന് പൊരുതിജയിക്കുന്ന സെറീനയ്ക്ക് പുറത്ത് ഏറ്റവും അധികം കരുത്തേകുന്നത് ഒഹാനിയനാണ്.

മുപ്പത്തിയൊന്‍പതുകാരിയായ സെറീന ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ സിമോണ ഹാലെപ്പിനെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ ആരാധകരുടെ കൈയടി നേടിയത് ഭര്‍ത്താവ് ഒഹാനിയനായിരുന്നു.

പരിസരം മറന്ന് പ്ലെയേഴ്സ് ബോക്സിൽ ഭാര്യയെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഒഹാനിയന്റെ ദൃശ്യങ്ങള്‍ ഒരു നിമിഷം പോലും വിടാതെ ടിവി ചാനലുകള്‍ ഒപ്പിയെടുത്തു. എന്നാല്‍, ആരാധകരുടെ മനസില്‍ ഇടം നേടിയത് ഒഹാനിയന്റെ ആവേശം മാത്രമല്ല, ധരിച്ച് ടിഷര്‍ട്ട് കൂടിയാണ്.

സെറീനയുടെ ചിത്രം പതിച്ച ആ ടി ഷര്‍ട്ടിലെ ഗ്രേറ്റസ്റ്റ് ഫീമെയില്‍ അത്‌ലറ്റ് എന്ന വാക്കുകളായിരുന്നു ആകര്‍ഷണം. ഇതിലെ ഫീമെയ്ല്‍ എന്ന വാക്ക് വെട്ടിയിട്ടുമുണ്ട്. ഇരുപത്തിമൂന്ന് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സെറീനയ്ക്ക് ആദരമായി നൈക്കി പുറത്തിറക്കിയ ടിഷര്‍ട്ടാണിത്.

ഒഹാനിയന് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ്. ഒപ്പം ഈ ടി ഷര്‍ട്ടിനെ കുറിച്ചുള്ള അന്വേഷണങ്ങളുമുണ്ട്.

സെറീന കളി അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞുവെന്ന് പറഞ്ഞ വ്യവസായി ഇയോ ടിറിയാക്കിനോട് രൂക്ഷമായ ഭാഷത്തില്‍ പ്രതികരിക്കാനും മറന്നില്ല ഒഹാനിയന്‍. വംശവെറിയനായ സെക്‌സിസ്റ്റായ ഇയോണ്‍ ടിറിയാക്കിന് ആരും ചെവികൊടുക്കുന്നില്ല എന്നത് ആശ്വാസമാണെന്ന് സെറീനയുടെ മത്സരത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഒഹാനിയന്‍ ട്വീറ്റ് ചെയ്തു.

ഇത് ഒന്‍പതാമത്തെ തവണയാണ് സെറീന ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമയില്‍ പ്രവേശിക്കുന്നത്.

Content Highlights: Serena Williams' husband and Reddit co-founder Alexis Ohanian Australian Open Tennis