ന്യൂയോര്‍ക്ക്:  ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ ജപ്പാന്‍ താരം നവോമി ഒസാക്കയ്‌ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ സെറീന വില്ല്യംസ് ലക്ഷ്യമിടുന്നത് കരിയറിലെ 24-ാം ഗ്രാന്‍സ്ലാം കിരീടമാണ്. സെമിഫൈനലില്‍ ലാത്വിയയുടെ സെവസ്റ്റോവയെ തോല്‍പ്പിച്ചാണ് സെറീന കാലശക്കളിക്ക് ടിക്കറ്റെടുത്തത്. ഒസാക്കയെ പരാജയപ്പെടുത്തിയാല്‍ 24 ഗ്രാന്‍സ്ലാമുമായി മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്തും മുപ്പത്തിയാറുകാരി.

ഒപ്പം മറ്റൊരു റെക്കോഡ് കൂടി സെറീനയെ തേടിയെത്തും. ഏറ്റവും കൂടുതല്‍ തവണ യു.എസ് ഓ്പണ്‍ കിരീടം നേടിയ താരമെന്ന റെക്കോഡ്.  ആറു കിരീടവുമായി ക്രിസ് എവേര്‍ട്ടിനൊപ്പം ഈ റെക്കോഡ് പങ്കിടുകയാണ് സെറീനയിപ്പോള്‍. മകള്‍ ഒളിമ്പ്യയ്ക്ക് ജന്മം നല്‍കിയ ശേഷം സെറീന കളിക്കുന്ന രണ്ടാം ഗ്രാന്‍സ്ലാം ഫൈനല്‍ കൂടിയാണിത്.

ഏതായാലും ജപ്പാന്റെ ഇരുപതുകാരിക്കെതിരെ ഫൈനലിനിറങ്ങും മുമ്പ് സെറീനയോടുള്ള സ്‌നേഹം പങ്കുവെച്ചിരിക്കുകയാണ് ഭര്‍ത്താവും റെഡ്ഡിറ്റിന്റെ സഹസ്ഥാപകനുമായ അലെക്‌സിസ് ഒഹാനിയന്‍. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് സെറീനയോടുള്ള സ്‌നേഹം ഒഹാനിയന്‍ വ്യക്തമാക്കിയത്. 

യു.എസ് ഓപ്പണ്‍ സെമിഫൈനലില്‍ വിജയിച്ച ശേഷം സെറീന മത്സരത്തെ വിലയിരുത്തുന്ന ദൃശ്യത്തോട് കൂടിയാണ് ഈ വീഡിയോ തുടങ്ങുന്നത്. ഒളിമ്പ്യയ്ക്ക് ജന്മം നല്‍കിയ സമയത്ത് ആശുപത്രിയില്‍ നിന്നുള്ള ദൃശ്യവും ഈ യു.എസ് ഓപ്പണിലെ ആദ്യ മത്സരത്തില്‍ സെറീന കളിക്കുന്നതും വീഡിയോയിലുണ്ട്. ജീവിതത്തില്‍ സെറീന നടത്തിയ പോരാട്ടത്തെ ഓര്‍മിപ്പിക്കാനാണ് ഒഹാനിയാന്‍ ഇങ്ങിനെയൊരു വീഡിയോ ചെയ്തത്.

സ്ത്രീകകളുടെ അവകാശത്തിനും സമത്വത്തിനും വേണ്ടി അവള്‍ പോരാടി. ഞങ്ങളുടെ കുഞ്ഞിന് വേണ്ടിയും പരിഗണനയ്ക്കും തുല്ല്യവേതനത്തിനും വേണ്ടി അവള്‍ പോരാടി. അവള്‍ പോരാളിയാണ്, ഒരിക്കലും വിട്ടുകൊടുക്കില്ല. ഒഹാനിയന്‍ വീഡിയോടൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. യു.എസ് ഓപ്പണ്‍ സെമിഫൈനലിന് ശേഷമാണ് ഒഹാനിയന്‍ ഈ വീഡിയോ തയ്യാറാക്കിയത്.

Content Highlights: Serena Williams’ husband Alexis salutes her with emotional video before US open final