ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ഫൈനലിനിടെ ചെയര്‍ അമ്പയറോട് മോശമായി പെരുമാറിയ ടെന്നീസ് താരം സെറീന വില്ല്യംസിന് ഒടുവില്‍ പിഴ. ഏകദേശം 12 ലക്ഷം രൂപയാണ് അമേരിക്കന്‍ താരത്തിന് പിഴയായി വിധിച്ചത്. മൂന്ന് കുറ്റങ്ങളാണ് സെറീനക്കെതിരെ ചുമത്തിയിരിക്കുന്നത്. 

അമ്പയര്‍ കാര്‍ലോസ് റാമോസിനെ അസഭ്യം പറഞ്ഞതിന് ഏഴ് ലക്ഷം രൂപയും മത്സരത്തിനിടെ കോച്ചിങ് സ്വീകരിച്ചതിന് മൂന്ന് ലക്ഷം രൂപയും റാക്കറ്റ് എറിഞ്ഞുടച്ചതിന് രണ്ട് ലക്ഷം രൂപയും പിഴയൊടുക്കണം. 

ഫൈനലില്‍ സെറീനയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച് ജപ്പാന്‍ താരം നവോമി ഒസാക്ക കിരീടം ചൂടിയിരുന്നു. അതിരുവിട്ട പെരുമാറ്റത്തെ തുടര്‍ന്ന് സെറീനയ്ക്ക് രണ്ട് പെനാല്‍റ്റി പോയിന്റും ഒരു പെനാല്‍റ്റി ഗെയിമും ലഭിച്ചു. എന്നാല്‍ താനൊരു വഞ്ചകിയല്ലെന്നും കളിക്കളത്തില്‍ ലിംഗവിവേചനമുണ്ടെന്നുമായിരുന്നു മത്സരശേഷം സെറീനയുടെ പ്രതികരണം.

Content Highlights: Serena Williams fined $17,000 for U.S. Open final conduct