പാരീസ്: റോളണ്ട് ഗാരോസില്‍ ഈ വര്‍ഷത്തെ സെറീന വില്യംസിന്റെ പോരാട്ടം അവസാനിച്ചു. നാലാം റൗണ്ടില്‍ കസാക്കിസ്താന്‍ താരമായ എലെന റിബാക്കിനയോട് തോറ്റ് സെറീന ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്തായി. സ്‌കോര്‍: 6-3, 7-5. 

ഒരു മണിക്കൂറും 17 മിനിറ്റും മാത്രം നീണ്ടുനിന്ന മത്സരത്തില്‍ ആദ്യം സെറ്റില്‍ ആധികാരികമായിരുന്നു 21-കാരിയായ റിബാക്കിനയുടെ പ്രകടനം. 

മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന റെക്കോഡിനൊപ്പമെത്താന്‍ ഒരു കിരീടം മാത്രം അകലെയുള്ള സെറീനയ്ക്ക് തോല്‍വി ഹൃദയഭേദകമായി.

അതേസമയം 15-ാം സീഡ് ബലാറസിന്റെ വിക്ടോറിയ അസരെങ്കയെ കീഴടക്കി റഷ്യയുടെ അനസ്താസിയ പാവ്ലിചെങ്കോവ ക്വാര്‍ട്ടറില്‍ എത്തി (5-7, 6-3, 6-2). സ്ലോവേന്യയുടെ തമാറ സിഡാന്‍സെക്, സ്പെയിനിന്റെ പോള ബഡോസ എന്നിവരും ക്വാര്‍ട്ടറിലെത്തി. സിഡാന്‍സെക് റുമാനിയയുടെ സൊറാന സിര്‍സ്റ്റിയെയും (7-6, 6-1) ബഡോസ ചെക്ക് റിപ്പബ്ലിക്കിന്റെ മര്‍ക്കേറ്റ വോണ്‍ഡ്രൂസോവയെയും (6-4, 3-6, 6-2) തോല്‍പ്പിച്ചു.

പുരുഷവിഭാഗത്തില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസും റഷ്യയുടെ ഡാനില്‍ മെദ്വദേവും ക്വാര്‍ട്ടറിലെത്തി.

Content Highlights: Serena Williams crashes out of French Open 2021