ന്യൂയോര്‍ക്ക്:  ഇതിന് മുമ്പ്  ഇങ്ങനെയൊരു ഫൈനലിന് ആര്‍തര്‍ ആഷെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടുണ്ടാകില്ല. 24-ാം ഗ്രാന്‍സ്ലാമെന്ന ചരിത്രത്തിലേക്ക് റാക്കറ്റേന്തിയ സെറീനയുടെ സ്വപ്‌നമെല്ലാം കണ്ണീരില്‍ അവസാനിക്കുന്ന കാഴ്ച്ച, ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം ആദ്യമായി ജപ്പാനിലെത്തിച്ച താരമെന്ന നവോമി ഒസാക്കയുടെ ചരിത്രം സെറീനയുടെ ആ കണ്ണീരിന് മുന്നില്‍ മായുന്ന കാഴ്ച്ച. 

ആര്‍തര്‍ ആഷെയിലെ പുരസ്‌കാരദാന ചടങ്ങ് ആദ്യമായി കാണികളുടെ കൂവലില്‍ മുങ്ങി. എന്നാല്‍ സെറീനയുടെ വാക്കുകള്‍ അവരെ നിശബ്ദരാക്കി. 'ഞാന്‍  മര്യാദയില്ലാതെ പെരുമാറാന്‍ ആഗ്രഹിക്കുന്നില്ല. അവള്‍ നന്നായി കളിച്ചു. ഇത് അവള്‍ക്ക് എന്നും ഓര്‍മ്മിക്കാവുന്ന ഒരു നിമിഷമാക്കി നമുക്ക് മാറ്റിയെടുക്കാം. ഇനി ആരും കൂവരുത്. അവളുടെ പ്രയത്‌നത്തെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കരുത്'  റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി വാങ്ങി കരച്ചിലടക്കാനാകാതെ സെറീന പറഞ്ഞു. ഇതോടെ ഒസാക്കയ്ക്കുവേണ്ടി കാണികള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചു. അവളുടെ വിജയത്തെ അംഗീകരിച്ചു. 

എന്നാല്‍ സന്തോഷത്തേക്കാളേറെ എല്ലാം നഷ്ടപ്പെട്ടവളുടെ ഭാവമായിരുന്നു ഒസാക്കയുടെ മുഖത്ത്. ഇരുപതിനാലായിരത്തോളം കാണികളെ നിരാശയിലാഴ്ത്തി അവരുടെ പ്രിയപ്പെട്ട താരത്തെ പരാജയപ്പെടുത്തിയതിന് അവള്‍ മാപ്പ് പറയുകയും ചെയ്തു. ആ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ സെറീനയേക്കാള്‍ ഒരുപടി മുകളിലായി ഒസാക്കയുടെ സ്ഥാനം.

ആകെ 79 മിനിറ്റ് മാത്രമേ സെറീനയെ പരാജയപ്പെടുത്താന്‍ ഒസാക്കയ്ക്ക് വേണ്ടി വന്നുള്ളു. ആ 79 മിനിറ്റിനിടയില്‍ ചെയര്‍ അമ്പയര്‍ കാര്‍ലോസ് റാമോസിനെ കള്ളനെന്ന് വിളിക്കുകയും റാക്കറ്റ് എറിഞ്ഞുടക്കയും ചെയ്തു സെറീന. ആദ്യം കളിക്കിടയില്‍ പരിശീലകന്‍ പാട്രിക് മൗറാറ്റോഗ്ലുവില്‍ നിന്ന്‌ കോച്ചിങ് സ്വീകരിച്ചതിനാണ് പോര്‍ച്ചുഗീസ് അമ്പയര്‍ സെറീനക്ക് പെനാല്‍റ്റി വിധിച്ചത്. മത്സരത്തിനിടയില്‍ പരിശീലകന്‍ ഇങ്ങനെ നിര്‍ദേശങ്ങള്‍ കൊടുക്കുന്നത് നിയമലംഘനമാണ്. പിന്നീട് രണ്ടാം സെറ്റില്‍ 3-3ന് സ്‌കോര്‍ നില്‍ക്കെ സെറീന ദേഷ്യം നിയന്ത്രിക്കാനാകാതെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞുടച്ചു. ഇതോടെ ഒരു പെനാല്‍റ്റി പോയിന്റ് കൂടി സെറീനയ്ക്ക് കിട്ടി. 

ഇതോടെ അമേരിക്കന്‍ താരത്തിന് സകല നിയന്ത്രണവും വിട്ടു. അമ്പയര്‍ക്ക് അരികിലെത്തിയ സെറീന വിരല്‍ ചൂണ്ടി 'നിങ്ങളൊരു കള്ളനാണെന്ന്‌' ഉറക്കെ വിളിച്ചുപറഞ്ഞു. ഒരു ഗെയിം പെനാല്‍റ്റിയാണ് ഇതിന് ലഭിച്ച ശിക്ഷ.  ഇതിനിടയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ടൂര്‍ണമെന്റ് റഫറി ബ്രയാന്‍ ഏര്‍ലി കോര്‍ട്ടിലേക്കെത്തി. നിങ്ങള്‍ക്ക് എന്റെ സ്വഭാവമറിയില്ലേ. എന്നോടു ചെയ്യുന്നത് നീതികേടാണ്. സെറീന കരച്ചിലടക്കാനാകാതെ ഏര്‍ലിയോട് പറയുന്നുണ്ടായിരുന്നു. 

വനിതാ ടെന്നീസ് അസോസിയേഷന്‍ സൂപ്പര്‍വൈസര്‍ ഡെന്ന കെല്‍സയോടും സെറീന തന്റെ സങ്കടം പറഞ്ഞു. ഒരു ഗെയിം പെനാല്‍റ്റി ലഭിക്കാനുള്ള തെറ്റൊന്നും ചെയ്തിട്ടില്ല. ഞാനൊരു സ്ത്രീ ആയതിനാലാണ് ഇങ്ങനെ പെനാല്‍റ്റി വിധിച്ചത്. അമ്പയറെ ചീത്തവിളിച്ച എത്രയോ പുരുഷ താരങ്ങളുണ്ട്. അവരെയൊന്നും ഇങ്ങനെ പെനാല്‍റ്റി നല്‍കി ശിക്ഷിച്ചിട്ടില്ലല്ലോ'. പക്ഷേ അതിലൊന്നും കാര്യമുണ്ടായില്ല. 6-4ന് രണ്ടാം സെറ്റ് സ്വന്തമാക്കി ഒസാക്ക ചരിത്രത്തിലേക്ക് കിരീടമുയര്‍ത്തി. 

ശേഷം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്ക് ഒരൊറ്റ ചോദ്യമേ ചോദിക്കാനുണ്ടായിരുന്നുള്ളു, സെറീന..എന്തിനായിരുന്നു ഇത്ര നാടകീയത?  കളിക്കിടയില്‍ താന്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും എന്നാല്‍ സെറീന അതുകണ്ടിരുന്നില്ലെന്നും മത്സരശേഷം പരിശീലകന്‍ പാട്രിക് മൗറാറ്റോഗ്ലു സമ്മതിച്ചു. ഇതോടെ അമ്പയര്‍ റാമോസ് വിധിച്ച ആദ്യ പെനാല്‍റ്റി സെറീന അര്‍ഹിച്ചിരുന്ന എന്ന നിലപാടാണ് ആരാധകര്‍ക്ക്. റാക്കറ്റ് ഉടച്ചതിനും അമ്പയറെ കള്ളനെന്ന് വിളിച്ചതിലും പക്ഷേ രണ്ടഭിപ്രായമാണുള്ളത്. സെറീന ഒരു വനിതാ താരമായതിനാലാണ് ഇങ്ങനെ പെനാല്‍റ്റി നല്‍കിയതെന്നും പുരുഷ താരങ്ങള്‍ ഇത്തരം പ്രവര്‍ത്തി ചെയ്താല്‍ ഒരു നടപടിയുമെടുക്കാറുമില്ലെന്നാണ് ഒരു കൂട്ടം ആരാധകര്‍ വാദിക്കുന്നത്. ഇത് ഇനി കൂടുതല്‍ ചര്‍ച്ചകളിലേക്ക് വഴിവെച്ചേക്കും. 

Content Highlights: Serena Williams camp should be ashamed after ruining Naomi Osaka’s US Open fairytale