പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്ല്യംസിന് ഇനി 'ബ്ലാക്ക് പാന്തര്‍' ക്യാറ്റ് സ്റ്റ്യൂട്ട് ധരിച്ച് കളിക്കാനാവില്ല. അടുത്ത സീസണ്‍ മുതല്‍ ഇത് അനുവദിക്കില്ലെന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ വ്യക്തമാക്കി. ബ്ലാക്ക് സ്യൂട്ട് ധരിച്ചു വേണമെങ്കിൽ കളിക്കാം. എന്നാൽ, അതിന് ചില പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ഈ പരിധികളും ലംഘിക്കുന്നതാണ് സെറീനയുടെ വസ്ത്രധാരണമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ബെര്‍ണാഡ് ഗ്യൂഡിസെല്ലി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ ഈ സ്യൂട്ട് ധരിച്ച് സെറീന എല്ലാവരേയും ഞെട്ടിച്ചിരുന്നു. ബ്ലാക് പാന്തര്‍ സിനിമയിലെ വസ്ത്രധാരണം അനുകരിച്ചാണ് സെറീന ഈ വസ്ത്രം തിരഞ്ഞെടുത്തത്. 

ധരിക്കുമ്പോള്‍ സ്വയം ഒരു പോരാളിയാണെന്ന് തോന്നുമെന്നും സെറീന വ്യക്തമാക്കിയിരുന്നു. പ്രസവത്തിനുശേഷം ശരീരത്തിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥ മറികടക്കാന്‍ ഈ വസ്ത്രധാരണം ഒരു പരിധിവരെ തന്നെ സഹായിച്ചുവെന്നും സെറീന പറഞ്ഞിരുന്നു.

Content Highlights: Serena Williams banned from wearing catsuit