ന്യൂയോര്‍ക്ക്: താനൊരു വഞ്ചകിയല്ലെന്നും യു.എസ് ഓപ്പണ്‍ ഫൈനലില്‍ താന്‍ ആരേയും ചതിച്ചിട്ടില്ലെന്നും ടെന്നീസ് താരം സെറീന വില്ല്യംസ്. ജപ്പാന്‍ താരം നവോമി ഒസാക്കയ്‌ക്കെതിരായ ഫൈനലില്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ സെറീനക്ക് കിട്ടിയിരുന്നു. കളിക്കിടയില്‍ കോച്ചിങ് സ്വീകരിച്ചതിനും റാക്കറ്റ് എറിഞ്ഞുടച്ചതിനും പെനാല്‍റ്റി പോയിന്റും അമ്പയര്‍ കാര്‍ലോസ് റാമോസിനെ കള്ളനെന്ന് വിളിച്ചതിന് പെനാല്‍റ്റി ഗെയിമുമാണ് സെറീനക്ക് ശിക്ഷയായി ലഭിച്ചത്. ഈ നാടകീയതകള്‍ക്കുള്ളില്‍ ഒസാക്കയുടെ ചരിത്ര വിജയം മുങ്ങിപ്പോവുകയും ചെയ്തു.

എന്നാല്‍ താന്‍ ആരേയും ചതിച്ചിട്ടില്ലെന്നും വനിതാ താരങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്നും സെറീന മത്സരശേഷം പ്രതികരിച്ചു. പുരുഷ താരമാണെങ്കില്‍ പെനാല്‍റ്റി പോയിന്റ് ലഭിക്കില്ലായിരുന്നുവെന്നും താന്‍ ഒരു വനിതാ താരമായതിനാലാണ് അമ്പയറില്‍ നിന്ന് ഇത്തരം നടപടി നേരിട്ടതെന്നും സെറീന വ്യക്തമാക്കി. 

അതേസമയം മത്സരത്തിനിടയില്‍ തനിക്ക് കോച്ചിങ് നല്‍കിയിട്ടുണ്ടെന്ന് പരിശീലകന്‍ പാട്രിക് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സെറീന ചൂണ്ടിക്കാട്ടി. മത്സരശേഷം ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ സെറീനക്ക് കോച്ചിങ് നല്‍കിയെന്നും എന്നാല്‍ സെറീന അത് കണ്ടില്ലെന്നും പാട്രിക് വ്യക്തമാക്കിയത്. കളിക്കിടയില്‍ കോച്ചിങ് നല്‍കുന്നത് നിയമ ലംഘനമായതിനാല്‍ അമ്പയര്‍ സെറീനക്ക് ആദ്യ പെനാല്‍റ്റി വിധിക്കുകയും ചെയ്തു. 

'പാട്രികിന് ഞാന്‍ മെസ്സേജ് അയച്ചിട്ടുണ്ട്. അയാള്‍ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല. ഞങ്ങള്‍ സിഗ്നലുകള്‍ കൈമാറിയിട്ടില്ല.' സെറീന പറയുന്നു. 

അമ്പയര്‍മാരെ ചീത്ത വിളിക്കുന്ന നിരവധി പുരുഷ താരങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അവര്‍ക്കെതിരെയൊന്നും ഇതുവരെ നടപടിയെടുത്ത് കണ്ടിട്ടില്ല. ഞാന്‍ സ്ത്രീകളുടെ സമത്വത്തിനും അവകാശത്തിനും വേണ്ടിയാണ് പോരാടുന്നത്' സെറീന വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം യു.എസ് ഓപ്പണിനിടെ നടന്ന സംഭവവും സെറീന ചൂണ്ടിക്കാട്ടി. കോര്‍ട്ടില്‍ വെച്ച് വസ്ത്രം മാറിയിട്ടതിന് ഫ്രഞ്ച് താരം അലീസ കോര്‍നെറ്റിനെ താക്കീത് ചെയ്തിരുന്നു. ഇതും സ്ത്രീ ആയതുകൊണ്ടാണെന്നും പുരുഷ താരങ്ങളെ ഈ വിഷയത്തിലും താക്കീത് ചെയ്യാറില്ലെന്നും സെറീന ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കുവേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും സെറീന കൂട്ടിച്ചേര്‍ത്തു.

Content Highlights: Serena Williams Accuses Tennis Of 'Sexism' US Open Final 2018