മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ മിക്‌സഡ് ഡബിള്‍സില്‍നിന്ന് ഇന്ത്യയുടെ സാനിയ മിര്‍സ പിന്മാറി. മിക്‌സഡില്‍ രോഹന്‍ ബൊപ്പണ്ണ ആയിരുന്നു സാനിയയുടെ കൂട്ടാളി. കഴിഞ്ഞദിവസം ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് ഫൈനലിനിടെ കാലിനേറ്റ പരിക്കാണ് പിന്മാറ്റത്തിന് കാരണം. 

എന്നാല്‍ വനിതാ ഡബിള്‍സില്‍ യുക്രൈനിന്റെ നാദിയ കിച്ചനോക്ക്-സാനിയ സഖ്യം ഇറങ്ങും. ഈ സഖ്യം കഴിഞ്ഞ ആഴ്ച ഹൊബര്‍ട്ട് ഇന്റര്‍നാഷണലില്‍ കിരീടം നേടിയിരുന്നു. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയയുടെ ആദ്യ കിരീടമായിരുന്നു ഇത്. 

അതേസമയം പങ്കാളിയെ നഷ്ടപ്പെട്ട ബൊപ്പണ്ണ യുക്രെയ്ന്‍ താരം നാദിയ കിച്ചനോക്കുമായി കൂട്ടുകെട്ടുണ്ടാക്കി. വനിതാ ഡബിള്‍സില്‍ സാനിയയുടെ പങ്കാളി കൂടിയാണ് കിച്ച്‌നോക്ക്. മികസ്ഡ് ഡബിള്‍സില്‍ ഇന്ത്യന്‍ താരം ലിയാണ്ടര്‍ പേസും കളിക്കുന്നുണ്ട്. 2017 ഫ്രഞ്ച് ഓപ്പണ്‍ ജേത്രി ആയ യെലേന ഒസ്റ്റപെങ്കോയാണ് പേസിന്റെ പങ്കാളി. 

Content Highlights: Sania pulls out of Australian Open mixed doubles, but will play in women’s doubles