ലണ്ടൻ: വിംബിൾഡൺ ടെന്നീസിനിടെ ആരാധകരുടെ ഹൃദയം കവർന്ന് സാനിയ മിർസയുടെ മകൻ ഇസ്ഹാൻ മിർസ മാലിക്ക്. മികസഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പമുള്ള മത്സരത്തിനിടെയാണ് ഇസ്ഹാൻ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

രണ്ടാം റൗണ്ടിൽ വിജയിച്ച ശേഷം സാനിയ ഇസ്ഹാനെ ചേർത്തുപിടിച്ച് കോർട്ടിലെത്തി. ബൊപ്പണ്ണയ്ക്ക് ഹൈ ഫൈവ് നൽകിയ ഇസ്ഹാനായി കാണികൾ കൈയടിച്ചു. ഇതോടെ കാണികളോട് രണ്ടു വയസ്സുകാരൻ കൈയുയർത്തി നന്ദിയും പറഞ്ഞു.

മികസഡ് ഡബിൾസ് രണ്ടാം റൗണ്ടിൽ ബ്രിട്ടീഷ് ജോഡികളായ മക്ഹ്യൂഗ്-വെബ്ലി സ്മിത്തി സഖ്യത്തെയാണ് ബൊപ്പണ്ണ-സാനിയ സഖ്യം പരാജയപ്പെടുത്തിയത്. സ്കോർ: 6-3,6-1. ചൊവ്വാഴ്ച്ച നടക്കുന്ന മൂന്നാം റൗണ്ടിൽ 14-ാം സീഡായ ആന്ദ്രെ ക്ലീപാക്-ജീൻ ജൂലിയൻ റോജർ ജോഡിയാണ് ഇന്ത്യൻ സഖ്യത്തിന്റെ എതിരാളികൾ.

നേരത്തെ വനിതാ ഡബിൾസ് മത്സരത്തിനിടയിലും സാനിയയുടെ കളി കാണാൻ ഇസ്ഹാൻ കോർട്ടിന് അരികിലുണ്ടായിരുന്നു. അമേരിക്കൻ താരം ബെഥാനി മറ്റേക്-സാന്റ്സുമായി ചേർന്ന് കളിക്കുന്ന സാനിയ ആദ്യ റൗണ്ടിലെ വിജയശേഷം മകനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

'ഞങ്ങൾക്കുവേണ്ടി ആർത്തുവിളിക്കാൻ സ്പൈഡർമാനും ഉണ്ട്' എന്ന കുറിപ്പോടെയാണ് സാനിയ ചിത്രം പങ്കുവെച്ചത്. ഇസ്ഹാന്റെ കൈയിലുള്ള 'സ്പൈഡർമാൻ' കളിപ്പാട്ടം ഉദ്ദേശിച്ചായിരുന്നു സാനിയയുടെ പോസ്റ്റ്. ബോളിവുഡ് താരവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്ക ശർമ ഈ പോസ്റ്റിൽ കമന്റുമായെത്തി. 'വളരെ മനോഹരം' എന്നായിരുന്നു അനുഷ്കയുടെ കമന്റ്. ഇതിന് പിന്നാലെ വനിതാ ഡബിൾസ് രണ്ടാം റൗണ്ട് മത്സരത്തിൽ സാനിയ-ബെഥാനി സഖ്യം പരാജയപ്പെടുകയും ചെയ്തു.

Content Highlights: Sania Mirza Son Izhaan Mirza Malik Wimbledon Tennis 2021