മുംബൈ: സൂപ്പര്‍താരം സാനിയ മിര്‍സ ടെന്നീസിലേക്ക് തിരിച്ചുവരുന്നു. അടുത്ത ജനുവരിയില്‍ നടക്കുന്ന ഹൊബാര്‍ട്ട് ഇന്റര്‍നാഷണലില്‍ കളിക്കുമെന്ന് സാനിയ മിര്‍സ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

അമ്മയായതിനു ശേഷം രണ്ട് വര്‍ഷമായി ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സാനിയ. ഒടുവില്‍ കളിച്ചത് 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ്. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷോയബ് മാലിക്കിനെ വിവാഹം കഴിച്ച സാനിയ കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് അമ്മയായത്.

ഓസ്ട്രേലിയന്‍ ഓപ്പണിലും കളിക്കുമെന്ന് സാനിയ വ്യക്തമാക്കി. അമേരിക്കയുടെ രാജീവ് റാം ആണ് മിക്‌സഡ് ഡബിള്‍സിലെ പങ്കാളി. 33-കാരിയായ സാനിയ ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

''അമ്മയായശേഷം ശരീരത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാവുക സ്വാഭാവികം. ദിനചര്യകളും ഉറക്കവും എല്ലാം മാറിമറിഞ്ഞു. പക്ഷേ, ഇപ്പോള്‍ ശാരീരികക്ഷമത വീണ്ടെടുത്തുകഴിഞ്ഞു. അമ്മയാകുന്നതിനു മുമ്പുള്ള ശാരീരികാവസ്ഥയിലേക്ക് തിരിച്ചെത്തി. ടെന്നീസ് വീണ്ടും കളിച്ചുതുടങ്ങാമെന്ന ആത്മവിശ്വാസമുണ്ട്. 2020-ലെ ടോക്യോ ഒളിമ്പിക്‌സും മനസ്സിലുണ്ട്''-സാനിയ വ്യക്തമാക്കി. 

Content Highlights: Sania Mirza set to make a comeback at Hobart International