ഹൈദരാബാദ്: ടെന്നീസിലെ ഇതിസാഹതാരം റോജർ ഫെഡററോടുള്ള ആരാധന തുറന്നുപറഞ്ഞ് ഇന്ത്യൻ താരം സാനിയ മിർസ. ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇലവൻ ഓൺ ടെൻ എന്ന ഇൻസ്റ്റഗ്രാം ചാറ്റ് ഷോയിലാണ് സാനിയ ഫെഡററോടുള്ള ആരാധന വീണ്ടും വെളിപ്പെടുത്തിയത്. 

20 തവണ ഗ്രാൻസ്ലാം ചാമ്പ്യനായ ഫെഡറർക്കൊപ്പം മികസ്ഡ് ഡബിൾസ് കളിച്ച അനുഭവവും സാനിയ പങ്കുവെച്ചു. 2014-ൽ ന്യൂഡൽഹിയിൽ നടന്ന ഇന്റർനാഷണൽ പ്രീമിയർ ടെന്നീസ് ലീഗിലായിരുന്നു സാനിയക്ക് ഈ അവസരം ലഭിച്ചത്.

'ഫെഡറർക്കൊപ്പം കളിക്കുന്നതിന്റെ ത്രില്ലിലായിരുന്നു ഞാൻ. അദ്ദേഹം ഇതിഹാസ താരമല്ലേ. അഭിമാന നിമിഷം പോലെയാണ് എനിക്കു തോന്നിയത്.' സാനിയ പറയുന്നു.

കോവിഡ്-19 ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് ഒരു ടൂർണമെന്റിനായി ലോസ് ആഞ്ജലീസിലേക്ക് പോയിരുന്നു. തിരിച്ചുവന്നശേഷം സാനിയ ഹൈദരാബാദിലെ വീട്ടിൽ ക്വാറന്റെയ്നിലായിരുന്നു. ആ സമയത്ത് മകൻ ഇസ്ഹാനെ ഒരുപാട് മിസ് ചെയ്തെന്നും സാനിയ പറയുന്നു. അവനെ ഒന്നു തൊടാൻ പോലുമാകാതെ 14 ദിവസം കഷ്ടപ്പെട്ടുവെന്നും സാനിയ വ്യക്തമാക്കുന്നു.

Content Highlights:Sania Mirza Recalls Playing Alongside Roger Federer