ഹൈദരാബാദ്: ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ ജീവചരിത്രം എം.എസ് ധോനി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയും മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കഥ പറഞ്ഞ അസ്ഹറും തിയേറ്ററുകളില്‍ മികച്ച പ്രതികരണമുണ്ടാക്കിയ ചിത്രങ്ങളാണ്. ഇതിന് പിന്നാലെ സാനിയ മിര്‍സയുടെ ജീവചരിത്രവും സിനിമയാകുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു. 

എന്നാല്‍ ഇതിനെതിരെ അഭിപ്രായം വ്യക്തമാക്കി സാനിയ രംഗത്തെത്തി. തന്റെ കഥ സിനമായാക്കാന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് സമീപിച്ചവരോട് താത്പര്യമില്ലെന്ന് പറഞ്ഞാതായും സാനിയ വ്യക്തമാക്കി. തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും കുറിച്ച് പരസ്യമായി സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും സാനിയ ചൂണ്ടിക്കാട്ടി.

ജീവിതത്തിലെ നഷ്ടങ്ങളും പരാജയങ്ങളും തന്നെ വേട്ടയാടിയിട്ടുണ്ടെന്നും ചില നഷ്ടങ്ങളില്‍ നിന്ന് മോചനം നേടാന്‍ മാസങ്ങളെടുക്കാറുണ്ടെന്നും സാനിയ പറഞ്ഞു. രണ്ടാഴ്ച്ചക്ക് ശേഷമാണ് റിയോ ഒളിമ്പിക്‌സിലേറ്റ തിരിച്ചടിയില്‍ നിന്ന് തിരിച്ചു വന്നത്-സാനിയ കൂട്ടിച്ചേര്‍ത്തു.