'ഈ വിജയം പ്രതീക്ഷിക്കാത്തതായിരുന്നു, എന്റെ റാക്കറ്റിനും കളിക്കും ഞാന്‍ വിചാരിച്ചത്ര തുരുമ്പ് പിടിച്ചിട്ടില്ല'-ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ് ഡബിള്‍സില്‍ നദിയ കിച്ചനോക്കിനൊപ്പം കിരീടം ചൂടി സാനിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. രണ്ടു വര്‍ഷത്തോളം ടെന്നീസില്‍ നിന്ന് വിട്ടുനിന്ന്, അതിനിടയില്‍ അമ്മയുടെ പുതിയ റോള്‍ ഏറ്റെടുത്ത സാനിയ തിരിച്ചുവരവില്‍ ഒരു വിജയമെങ്കിലും വേണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ സാനിയയെ കാത്തിരുന്നത് ഒരു പൂവല്ല, പൂക്കാലമായിരുന്നു. ആദ്യ റൗണ്ട് മുതല്‍ ഫൈനല്‍ വരെ ഉശിരോടെ പോരാടി രണ്ടു വര്‍ഷത്തിനിടയില്‍ കോര്‍ട്ടില്‍ തനിക്ക് ഒരു മങ്ങലുമേറ്റിട്ടില്ലെന്ന് സാനിയ തെളിയിച്ചു.

നാല് ദിവസം മുമ്പ് നടന്ന ആദ്യ റൗണ്ട് മത്സരം കാണാന്‍ സാനിയ രക്ഷിതാക്കള്‍ക്കൊപ്പം മകന്‍ ഇസാനേയും കൂടെ കൂട്ടിയിരുന്നു. ഒന്നാം റൗണ്ടില്‍ മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവില്‍ മിയു കാറ്റോ-ഒക്‌സാന ജോഡിയെ പരാജയപ്പെടുത്തി സാനിയ നേരെ പോയത് മകന്റെ അടുത്തേക്കാണ്. ബേബി വാക്കറില്‍ കിടക്കുകയായിരുന്ന  ഇസാനോടൊപ്പം സാനിയ ഹൈ ഫൈവ് (വിജയാഘോഷം) അടിച്ചു.

ഈ ഫോട്ടോ പങ്കുവെച്ച് സാനിയ ട്വിറ്ററില്‍ എഴുതി 'എന്റെ ജീവിതത്തിലെ ഏറ്റവും പ്രത്യേകത നിറഞ്ഞ ദിവസമാണ് ഇന്ന്. കുറേ കാലങ്ങള്‍ക്ക് ശേഷം ഞാന്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ എന്റെ അച്ഛനും അമ്മയും എന്റെ കുഞ്ഞും എന്നോടൊപ്പമുണ്ട്. ഞങ്ങള്‍ ആദ്യ റൗണ്ട് വിജയിച്ചിരിക്കുന്നു. എല്ലാവരുടേയും സ്‌നേഹത്തിന് ഒരുപാട് നന്ദി. നിങ്ങളിലുള്ള വിശ്വാസം, അതാണ് എല്ലാം. അതു നിങ്ങളെ ഉന്നതങ്ങളിലെത്തിക്കും. എന്റെ പ്രിയപ്പെട്ട കുഞ്ഞേ...നമ്മള്‍ നേടിയിരിക്കുന്നു.' രണ്ടു വര്‍ഷത്തിനിടയില്‍ സാനിയ കടന്നുപോയ പ്രതിസന്ധികളെല്ലാം ഈ വാക്കുകളിലുണ്ട്. 

Read More: 'ഇന്ത്യക്ക് മാത്രം പ്രത്യേക നിയമമാണോ?':ഓസീസിന് അഞ്ചു റണ്‍സ് ലഭിക്കാത്തതില്‍ പ്രതിഷേധം

2017-ല്‍ പരിക്കിനെ തുടര്‍ന്നാണ് ഇന്ത്യന്‍ താരം കളം വിട്ടത്. ഇതിനിടയില്‍ ഗര്‍ഭിണിയായി. ഇതോടെ ജീവിതരീതിയില്‍ മാറ്റം വന്നു. ഭക്ഷണരീതി മാറുകയും ഉറക്കം കൂടുകയും ചെയ്തതോടെ ശാരീരിക ക്ഷമത നഷ്ടപ്പെട്ടു. ടെന്നീസ് കളിക്കുന്ന സമയത്ത് ഫിറ്റ്‌നെസിന്റെ ഭാഗമായി ഒഴിവാക്കിയ ഭക്ഷണമെല്ലാം സാനിയ കഴിക്കാന്‍ തുടങ്ങി.

ഇതോടെ തടി കൂടി. ബേബി ഷവറിന്റെ സമയത്ത് തടി കൂടിയ സാനിയയുടെ ചിത്രം പുറത്തുവന്നു. ഇതുകണ്ട് താരത്തെ പരിഹസിക്കാന്‍ ആളുകള്‍ ക്യൂ നിന്നു. എന്നാല്‍ അപ്പോഴൊന്നും ഇന്ത്യന്‍ താരം മറുപടി നല്‍കിയില്ല. നിശബ്ദമായി എല്ലാം കേട്ടുനിന്നു. 

മകന്‍ ജനിച്ചതോടെ അവനെ ചുറ്റിപ്പറ്റിയായി സാനിയയുടെ ലോകം. അവന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചും അവനെ ലാളിച്ചും ജീവിതം ആസ്വദിച്ചു. മകന് ആറു മാസമായതോടെ സാനിയ തന്റെ സ്വപ്‌നത്തിന്റെ പിന്നാലെയുള്ള യാത്രയ്ക്ക് തുടക്കമിട്ടു. ജിമ്മില്‍ വര്‍ക്കൗട്ട് തുടങ്ങി. ഭക്ഷണരീതി മാറ്റി. പതിയെ ഫിറ്റ്‌നെസ് തിരിച്ചുവന്നു. തടി കുറഞ്ഞു. സാനിയ പഴയ സാനിയയായി. മത്സരത്തിനുള്ള ഫിറ്റ്‌നെസ് നേടിയതോടെ ഇന്ത്യന്‍ താരം ടൂര്‍ണമെന്റിലേക്ക് ശ്രദ്ധ തിരിച്ചു.

ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസ് ആയിരുന്നു തിരിച്ചുവരവിലെ ആദ്യ ടൂര്‍ണമെന്റ്. പിന്നീട് നടന്നതെല്ലാം ചരിത്രം. 33 വയസ്സും ഒരു കുഞ്ഞിന്റെ അമ്മയാണ് എന്നതും ഒന്നിനും തടസ്സമല്ലെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. പരിഹാസങ്ങള്‍ക്ക് വിജയത്തിലൂടെ മറുപടി നല്‍കി. ഇതിലും മനോഹരമായ ഒരു തിരിച്ചുവരവുണ്ടോ? ഇതുകണ്ട് ആരും ചോദിച്ചുപോകും! 

 

 

Content Highlights: Sania Mirza Hobart International trophy Tennis