സിഡ്‌നി: പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ നിന്ന് പിന്മാറിയിരുന്ന ഇന്ത്യന്‍ താരം സാനിയ മിര്‍സയ്ക്ക് വനിതാ ഡബിള്‍സിലും തിരിച്ചടി. യുക്രെയ്ന്‍ താരം നാദിയ കിച്‌നോകുമായി വനിതാ ഡബിള്‍സ് ആദ്യ റൗണ്ട് മത്സരിക്കാനിറങ്ങിയ സാനിയ മത്സരം പൂര്‍ത്തിയാക്കാതെ കോര്‍ട്ടുവിട്ടു. 

വലതു കാലില്‍ പരിക്കേറ്റ ഭാഗത്ത് വേദന കൂടിയതോടെയാണ് സാനിയ മത്സരം അവസാനിപ്പിച്ചത്. സാനിയയും നാദിയയും മത്സരത്തില്‍ 6-2, 1-0ത്തിന് പിന്നില്‍ നില്‍ക്കുകയായിരുന്നു. 

കഴിഞ്ഞദിവസം ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ് ഫൈനലിനിടെയാണ് സാനിയയുടെ കാലിന് പരിക്കേറ്റത്. തുടര്‍ന്ന് താരം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രോഹന്‍ ബൊപ്പണ്ണയുമൊത്തുള്ള മികസ്ഡ് ഡബിള്‍സില്‍ നിന്ന് പിന്മാറിയിരുന്നു. 

നാദിയയും സാനിയയും അടങ്ങുന്ന സഖ്യം ഹൊബര്‍ട്ട് ഇന്റര്‍നാഷണലില്‍ കിരീടം നേടിയിരുന്നു. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയയുടെ ആദ്യ കിരീടമായിരുന്നു ഇത്. 

 

Content Highlights: Sania Mirza forced to retire from first round Australian Open 2020