ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ് സ്വന്തമാക്കി ഇന്ത്യയുടെ സാനിയ മിര്‍സ. ഈ അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സാനിയ. അമ്മയായതിനുശേഷം വിജയകരമായി കോര്‍ട്ടില്‍ തിരിച്ചെത്തിയതിന് ലഭിച്ച പുരസ്‌കാരമാണിത്. 

ഏഷ്യാ ഓഷ്യാന സോണിലെ ഗ്രൂപ്പ് ഒന്നിലെ നോമിനികള്‍ക്ക് ആകെ ലഭിച്ച 16,985 വോട്ടില്‍ പതിനായിരം വോട്ടും നേടിയാണ് സാനിയ പുരസ്‌കാരത്തിന് അര്‍ഹയായത്. മൊത്തം വോട്ടിന്റെ അറുപത് ശതമാനവും സാനിയ സ്വന്തമാക്കി. മെയ് ഒന്ന് മുതല്‍ ഒരാഴ്ചയായിരുന്നു ഓണ്‍ലൈന്‍ വോട്ടിങ്. ഇന്‍ഡൊനീഷ്യയുടെ പതിനാറുകാരി പ്രിസ്‌ക മാഡെലിനെ മറികടന്നാണ് സാനിയ അവാര്‍ഡ് നേടിയത്.

യൂറോപ്പ്/ ആഫ്രിക്ക മേഖലയില്‍ നിന്ന് എസ്‌തോണിയയുടെ താരം അനെറ്റ് കൊണ്ടാവെയ്റ്റും അമേരിക്കന്‍ മേഖലയില്‍നിന്ന് മെക്‌സിക്കോയുടെ ഫെര്‍ണാണ്ടാ കോണ്ടെറാസ് ഗോമസും തിരഞ്ഞെടുക്കപ്പെട്ടു.

ഫെഡ് കപ്പില്‍ കളിക്കുന്ന താരങ്ങളില്‍ കോര്‍ട്ടില്‍ അനിതരസാധാരണമായ മികവും കരുത്തും പ്രകടിപ്പിക്കുന്ന താരങ്ങള്‍ക്കായി അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍ 2009 മുതല്‍ ഏര്‍പ്പെടുത്തിയതാണ് ഫെഡ് കപ്പ് ഹാര്‍ട്ട് അവാര്‍ഡ്.

രണ്ടായിരം യു.എസ്. ഡോളറാണ് സാനിയക്ക് സമ്മാനമായി ലഭിക്കുക. ഈ തുക കോവിനെതിരായ പ്രവര്‍ത്തനത്തിനുള്ള തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്യുന്നതായി സാനിയ പറഞ്ഞു. ലോകം കൊറോണ വൈറസിന്റെ പിടിയിലമര്‍ന്ന് ദുരിതമനുഭവിക്കുന്നത് കൊണ്ടാണ് താന്‍ സമ്മാനത്തുക കൈമാറുന്നതെന്ന് സാനിയ പറഞ്ഞു.

നാലു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ സാനിയ ഇന്ത്യയ്ക്ക് ഫെഡ്കപ്പിന്റെ പ്ലേഓഫ് റൗണ്ടിലേയ്ക്ക് യോഗ്യത നേടിക്കൊടുത്തിരുന്നു. ഒരാണ്‍കുഞ്ഞിന് ജന്മം കൊടുത്തശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് സാനിയ വീണ്ടും റാക്കറ്റേന്തി മത്സരിക്കാനിറങ്ങിയത്. ഫെഡ് കപ്പിന്റെ സെമിയില്‍ കുഞ്ഞിനെയും എടുത്തുനില്‍ക്കുന്ന സാനിയയുടെ ചിത്രം വന്‍ കൈയടി നേടിയിരുന്നു.

2018ലാണ് ഇഷാന് ജന്മം കൊടുത്ത സാനിയ ഈ വര്‍ഷം ജനുവരിയിലാണ് കോര്‍ട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. നാദിയ കിച്ചോനെക്കിനൊപ്പം ഹൊബാര്‍ട്ട് ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റിന്റെ ഡബിള്‍സ് കിരീടം നേടിക്കൊണ്ടായിരുന്നു തുടക്കം.

Content Highlights: Sania Mirza, Fed Cup Heart Award, donates prize money to Covid-19 fight, Tennis