കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സ് ടെന്നീസിലും ഇന്ത്യ മികച്ച ടീമിനെയല്ല അയച്ചതെന്ന ലിയാണ്ടര്‍ പെയ്‌സിന്റെ പ്രസ്താവനക്ക് മറുപടിയുമായി സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും രംഗത്ത്. ലിയാണ്ടര്‍ പെയ്‌സിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു സാനിയയുടെയും ബൊപ്പണ്ണയുടെയും പ്രതികരണം.
സ്വന്തം താത്പര്യത്തിലേക്ക് കാര്യങ്ങള്‍ വളച്ചൊടിക്കുന്ന ആളുകള്‍ക്കൊപ്പം വിജയിക്കാനുള്ള ഏക വഴി അവര്‍ക്കൊപ്പം കളിക്കാതിക്കുക എന്നായിരുന്നു സാനിയയുടെ ട്വീറ്റ്. കര്‍മ ഈസ് വാച്ചിങ്, സെന്‍ മോഡ് എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് സാനിയ ട്വീറ്റ് ചെയ്തത്.
ആദ്യം സാനിയയുടെ ട്വീറ്റിന് റീട്വീറ്റ് ചെയ്ത ബൊപ്പണ്ണ പിന്നീട് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രതികരണവുമായി രംഗത്തെത്തി. സഹകളിക്കാരെ അധിക്ഷേപിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനുള്ള പതിവു തന്ത്രവുമായി എത്തിയിരിക്കുന്നു എന്നായിരുന്നു ബൊപ്പണ്ണ ട്വീറ്റ് ചെയ്തത്. പെയ്‌സിന്റെ ദേശസ്‌നേഹത്തെയും ബൊപ്പണ്ണ കളിയാക്കി.
ഡേവിസ് കപ്പില്‍ സ്‌പെയ്‌നിനോട് 5-0ത്തിന് പരാജയപ്പെട്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് പെയ്‌സ് ഇന്ത്യയുടെ ഒളിമ്പിക് ടീമിനെ കുറ്റപ്പെടുത്തിയത്. കരിയറില്‍ താന്‍ നേടിയ വിജയങ്ങളില്‍ അസൂയയാണെന്നും ഏഴ് ഒളിമ്പിക്‌സില്‍ മത്സരിച്ചതും 18 ഗ്രാന്‍സ്ലാം നേടിയതും എത്രത്തോളം കഷ്ടപ്പെട്ടിട്ടാണെന്ന് അവര്‍ക്ക് മനസ്സിലാവില്ലെന്നും പെയ്‌സ് സഹകളിക്കാരെ പരിഹസിച്ചിരുന്നു.
ഇനി പത്ത് തവണ കൂടി ജനിച്ചാലും താന്‍ നേടിയ നേട്ടത്തിനൊപ്പമെത്താന്‍ അവര്‍ക്കാകില്ല. നന്നായി പരിശ്രമിക്കുന്നതിന് പകരം എന്നെ വീഴ്ത്താനാണ് അവര്‍ ശ്രമിക്കുന്നതെന്നും പെയ്‌സ് വ്യക്തമാക്കിയിരുന്നു.
The ONLY way to win with a toxic person, is not to play!!! #karmaiswatching #zenmode 😇🙏
— Sania Mirza (@MirzaSania) September 18, 2016
റിയോ ഒളിമ്പിക്‌സ് മിക്‌സഡ് ഡബിള്‍സില്‍ സാനിയ-ബൊപ്പണ്ണ സഖ്യമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത്. സെമിഫൈനലിലും വെങ്കല മെഡലിനായുള്ള മത്സരത്തിലും ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടിരുന്നു. പുരുഷ ഡബിള്‍സില്‍ പെയ്‌സ്-ബൊപ്പണ്ണ സഖ്യത്തിന് മെഡല്‍ നേടാനുള്ള സാദ്ധ്യത ഉണ്ടായിട്ടും ഇരുവരും തമ്മിലുള്ള അസ്വാരസ്യം മൂലം ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുകയായിരുന്നു.
At it again!! ...the usual ploy to stay in the news by slanging fellow players in media. #Patriotism
— Rohan Bopanna (@rohanbopanna) September 18, 2016
2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സാനിയ-പെയ്‌സ് സഖ്യമാണ് മിക്‌സഡ് ഡബിള്‍സില്‍ കളിച്ചത്. അവിടെ രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ ഇന്ത്യന്‍ സഖ്യത്തിന് കഴിഞ്ഞില്ല. തനിക്ക് പങ്കാളിയായി ഭൂപതിയെ വേണമെന്ന് സാനിയ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്‍ പേസിനൊപ്പം കളിക്കാന്‍ സാനിയയോട് ആവശ്യപ്പെടുകയായിരുന്നു.