ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണില്‍ ഇന്ത്യയുടെ കുതിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു. വനിതാ ഡബിള്‍സില്‍ ഏഴാം സീഡായ സാനിയ മിര്‍സ-ബാര്‍ബോറ സ്‌ട്രൈക്കോവ സഖ്യം ക്വാര്‍ട്ടറില്‍ ഒന്നാം സീഡായ കരോളിന്‍ ഗാര്‍ഷ്യ-മ്ലാദനോവിക് ജോഡിയോട് പരാജയപ്പെട്ടു. സ്‌കോര്‍: 7-6, 6-1.

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന രോഹന്‍ ബൊപ്പണ്ണ-ഗബ്രിയേല ഡാബ്രോവ്‌സ്‌ക്കി സഖ്യം കൊളംബിയയുടെ റോബര്‍ട്ട് ഫറ-ജര്‍മനിയുടെ അന ലെന ഗ്രോന്‍ഫെല്‍ഡ് ജോഡിയോടാണ് പരാജയപ്പെട്ടത്. ആദ്യ സെറ്റ് നേടിയ ശേഷമാണ് ബൊപ്പണ്ണ സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍: 6-1, 2-6, 8-10.

Caroline Wozniacki
സെമിയിലെത്തിയ വോസ്‌നിയാക്കിയുടെ ആഹ്ലാദം    ഫോട്ടോ:എ.പി

പുരുഷ സിംഗിള്‍സില്‍ ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ചും പത്താം സീഡ് മോണ്‍ഫില്‍സും സെമിഫൈനലില്‍ കടന്നു. ദ്യോക്കോവിച്ച് രണ്ട് സെറ്റിന് മുന്നില്‍ നില്‍ക്കെ സോങ പരിക്ക് മൂലം പിന്‍മാറുകയായിരുന്നു. നഡാലിനെ അട്ടമിറിച്ചെത്തിയ ലൂക്കാസ് പ്യുലയെ പരാജയപ്പെടുത്തിയാണ് മോണ്‍ഫില്‍സ് സെമിയിലെത്തിയത്. സ്‌കോര്‍: 6-4,6-3,6-3.

വനിതാ സിംഗിള്‍സില്‍ രണ്ടാം സീഡ് കെര്‍ബറും കരോളിന്‍ വോസ്‌നിയാക്കിയും അവസാന നാലിലെത്തി. ഏഴാം സീഡ് റോബര്‍ട്ട വിന്‍സിക്കെതിരെയായിരുന്നു കെര്‍ബറിന്റ് വിജയം. സ്‌കോര്‍:7-5,6-0. സെവസ്‌റ്റോവയെ പരാജയപ്പെടുത്തിയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ വോസ്‌നിയാക്കി സെമിയില്‍ കടന്നത്. സ്‌കോര്‍: 6-0,6-2.