അഡ്‌ലെയ്ഡ്: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-രാംകുമാര്‍ രാമനാഥന്‍ സഥ്യം അഡ്‌ലെയ്ഡ്  എ.ടി.പി 250 ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍. പുരുഷ വിഭാഗം ഡബിള്‍സ് സെമി ഫൈനലില്‍ നാലാം സീഡായ ടോമിസ്ലാവ് ബര്‍കിച്ച്-സാന്റിയാഗോ ഗോണ്‍സാലസ് സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യന്‍ ടീം ഫൈനലിലേക്ക്‌ ടിക്കറ്റെടുത്തത്. 

മെക്‌സിക്കന്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബൊപ്പണ്ണ-രാംകുമാര്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-2, 6-4.  ഫൈനലില്‍ ക്രൊയേഷ്യയുടെ ഇവാന്‍ ഡോഡിജ്-ബ്രസീലിന്റെ മാഴ്‌സെലോ മെലോ സഖ്യത്തെയാണ് ബൊപ്പണ്ണയും രാംകുമാറും നേരിടുക. 

41 കാരനായ ബൊപ്പണ്ണയും യുവതാരം രാംകുമാറും മികച്ച പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം കാഴ്ചവെച്ചത്. അട്ടിമറികളിലൂടെയാണ് ടീം ഫൈനല്‍ വരെയെത്തിയത്. ഇതാദ്യമായാണ് രാംകുമാറും ബൊപ്പണ്ണയും ഡബിള്‍സ് മത്സരത്തില്‍ കൈകോര്‍ക്കുന്നത്. ഒരുമിച്ച് പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ഫൈനലിലെത്താനും ഇവര്‍ക്ക് സാധിച്ചു. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് ഇന്ത്യന്‍ ടീം ഫൈനലിലേക്ക് കുതിച്ചത്. 

Content Highlights: Rohan Bopanna-Ramkumar Ramanathan pair cruise to final in Adelaide