ലോസ് ആഞ്ജലിസ്: അടുത്തമാസം ടൊറന്റോയില്‍ നടക്കുന്ന എ.ടി.പി റോജേഴ്‌സ് കപ്പ് ടൂര്‍ണമെന്റില്‍ നിന്ന് ലോക രണ്ടാം നമ്പര്‍ താരം റോജര്‍  ഫെഡറര്‍ പിന്മാറി. മത്സരാധിക്യം കാരണമാണ് പിന്മാറ്റം. ഫെഡററുടെ പിന്മാറ്റം ടൂര്‍ണമെന്റ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. 

വര്‍ഷത്തില്‍ എത്ര ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കണമെന്ന കാര്യം ഇനി വിവേകപൂര്‍വം കൈകാര്യം ചെയ്യണ്ടതാണെന്ന് 36-കാരനായ ഫെഡറര്‍ പറഞ്ഞു. ടൂര്‍ണമെന്റില്‍ നിന്നുള്ള പിന്മാറ്റം തന്നെ സംബന്ധിച്ച് വിഷമകരമായ കാര്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. അതിന് മത്സരങ്ങളുടെ സമയക്രമത്തില്‍ കൃത്യത പാലിക്കണം. ഇക്കാരണത്താല്‍ താന്‍ ഈ വര്‍ഷത്തെ റോജേഴ്‌സ് കപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു, ഫെഡറര്‍ ചൂണ്ടിക്കാട്ടി.

ഫെഡറര്‍ക്കു പകരം ഫ്രാന്‍സിന്റെ ജെര്‍മി ചാര്‍ഡി ടൂര്‍ണമെന്റില്‍ പങ്കെടുക്കും. എട്ടു വിമ്പിള്‍ഡന്‍ നേടിയിട്ടുള്ള ഫെഡററുടെ കളി ഇത്തവണ ടൊറന്റോയ്ക്ക് നഷ്ടമാകുമെന്ന് ടൂര്‍ണമെന്റ് വക്താവ് കാള്‍ ഹലെ പറഞ്ഞു. ഓഗസ്റ്റ് നാലു മുതല്‍ പന്ത്രണ്ടു വരെ ടൊറന്റോ യോര്‍ക്ക് യൂണിവേഴ്‌സിറ്റിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

Content Highlights: roger federer withdraws from rogers cup with an eye on longevity