ബാസല്‍: അടുത്തയാഴ്ച ആരംഭിക്കുന്ന ദുബായ് എ.ടി.പി ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. പരിശീലനത്തിന് കൂടുതല്‍ സമയം നല്‍കുന്നതിനുവേണ്ടിയാണ് ഫെഡറര്‍ മത്സരത്തില്‍ നിന്നും പിനമാറിയത്. 

39 വയസ്സുകാരനായ ഫെഡറര്‍ 13 മാസത്തെ ഇടവേളയ്ക്ക് ശേഷം ഈയിടെ സമാപിച്ച ഖത്തര്‍ ഓപ്പണില്‍ മത്സരിച്ചിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ തന്നെ താരം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. 42-ാം സീഡ് താരമായ ജോര്‍ജിയയുടെ നിക്കോളാസ് ബാസിലാഷ്വിലിയാണ് മുന്‍ ലോക ഒന്നാം നമ്പറിനെ അട്ടിമറിച്ചത്.

ഈ തോല്‍വി വലിയ ആഘാതമാണ് ഫെഡറര്‍ക്ക് സമ്മാനിച്ചത്. '13 മാസങ്ങള്‍ക്ക് ശേഷം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. രണ്ടാം റൗണ്ടിലേറ്റ തോല്‍വി പരിശീലനത്തിന്റെ കുറവാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് കൂടുതല്‍ സമയം പരിശീലനത്തിനായി വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നു. അതിന്റെ ഭാഗമായി ദുബായ് ഓപ്പണില്‍ നിന്നും ഞാന്‍ പിന്മാറുകയാണ്.'-ഫെഡറര്‍ പറഞ്ഞു.

കാല്‍മുട്ടിനേറ്റ പരിക്കിനേത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന ഫെഡറര്‍ ഏറെക്കാലം വിശ്രമത്തിലായിരുന്നു. 2020 ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കുന്ന സമയത്താണ് ഫെഡററിന് പരിക്കേറ്റത്. 

Content Highlights: Roger Federer withdraws from Dubai Open after early exit from Qatar Open