മെല്‍ബണ്‍: പോരാട്ടവീര്യത്തിന് മുന്നില്‍ പ്രായം ഒരിക്കലും തടസ്സമാകില്ലെന്ന് റോജര്‍ ഫെഡറര്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. 36-ാം വയസ്സില്‍ ക്രൊയേഷ്യന്‍ താരം മരിയന്‍ സിലിച്ചുയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് ഫെഡറര്‍ മെല്‍ബണിലെ രാജകുമാരനായി.

അഞ്ചു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡററുടെ വിജയം. സ്വിസ് താരത്തിന്റെ കരിയറിലെ 20-ാം ഗ്രാന്‍സ്ലാം കിരീടവും ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവുമാണിത്. സ്‌കോര്‍: 6-2.6-7, 6-3,3-6,6-1.

നിലവിലെ ചാമ്പ്യനായ ഫെഡററും ആറാം സീഡായ സിലിച്ചും തമ്മിലുള്ള പോരാട്ടം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ആദ്യ സെറ്റ് 6-2ന് അനായാസം നേടിയ ഫെഡറര്‍ക്ക് രണ്ടാം സെറ്റില്‍ വെല്ലുവിളി നേരിടേണ്ടി വന്നു. ടൈബ്രേക്കറിനൊടുവില്‍ 7-6ന് സിലിച്ച് സെറ്റ് സ്വന്തമാക്കി. എന്നാല്‍ മൂന്നാം സെറ്റില്‍ 6-3ന് ഫെഡറര്‍ തിരിച്ചുവന്നപ്പോള്‍ അതേ സ്‌കോറിന് നാലാം സെറ്റില്‍ സിലിച്ച് തിരിച്ചടിച്ചു. പിന്നീട് നിര്‍ണായകമായ അഞ്ചാം സെറ്റിലാണ് ഫെഡററുടെ പരിചയസമ്പത്ത് ശരിക്കുമുണര്‍ന്നത്. ഒരു ഗെയിം മാത്രം വഴങ്ങി 6-1ന് സ്വിസ് താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിലേക്ക് റാക്കറ്റ് വീശി.

ഗ്രാന്‍സ്ലാമില്‍ ഇരുപതോ അതില്‍ കൂടുതലോ സിംഗിള്‍സ് കിരീടം നേടുന്ന നാലാമത്തെ താരമെന്ന റെക്കോഡും ഫെഡറര്‍ അക്കൗണ്ടിലെത്തിച്ചു. മാര്‍ഗരറ്റ് കോര്‍ട്ട്, സെറീന വില്ല്യംസ്, സ്‌റ്റെഫി ഗ്രാഫ് എന്നിവരാണ് മുപ്പത്തിയാറുകാരനായ ഫെഡറര്‍ക്ക് മുമ്പ ഈ നേട്ടം കൈവരിച്ചത്. 

കരിയറില്‍ മുപ്പതാം ഗ്രാന്‍സ്ലാം ഫൈനല്‍ കളിച്ച ഫെഡറര്‍ ഇരുപതെണ്ണത്തിലും കിരീടം ചൂടി. മെല്‍ബണിലെ ആറാം കിരീടത്തോടെ നൊവാക് ദ്യോകോവിച്ച്, റോയ് എമേഴ്‌സണ്‍ എന്നിവരുടെ റെക്കോഡിനൊപ്പമെത്താനും സ്വിസ് താരത്തിന് കഴിഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഫെഡ് എക്‌സ്പ്രസ്സ് പുതുക്കുകയും ചെയ്തു. 2017ല്‍ കിരീടം നേടിയപ്പോഴാണ് ഫെഡറര്‍ ഈ നേട്ടം സ്വന്തമാക്കിയത്. 1972ല്‍ 37-ാം വയസ്സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ കെന്‍ റോസ്‌വാളാണ് ഇക്കാര്യത്തില്‍ സ്വിസ് താരത്തിന് മുന്നിലുള്ളത്.

'ഞാന്‍ വളരെ സന്തോഷവാനാണ്. ഇത് വിശ്വസിക്കാനാകുന്നില്ല. കഴിഞ്ഞ വര്‍ഷം നേടിയ കിരീടം നിലനിര്‍ത്തുക എന്നത് അവിശ്വസനീയമാണ്' ഫെഡറര്‍ മത്സരശേഷം പ്രതികരിച്ചു. കിരീടം ഏറ്റുവാങ്ങുമ്പോള്‍ സന്തോഷത്താല്‍ ഫെഡററുടെ കണ്ണ് നിറഞ്ഞൊഴുകിയിരുന്നു.

Content Highlights: Roger Federer Wins Australian Open Tennis