സിഡ്‌നി: 2022-ല്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ കളിച്ചേക്കില്ല. ഫെഡററുടെ പരിശീലകന്‍ ഇവാന്‍ ല്യൂബിച്ചിച്ചാണ് ഇക്കാര്യം അറിയിച്ചത്. 

കാല്‍മുട്ടിനേറ്റ പരിക്കാണ് ഫെഡറര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. 20 തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ ഫെഡറര്‍ 2021 വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വി വഴങ്ങിയ ശേഷം മത്സരരംഗത്തുനിന്ന് വിട്ടുനിന്നു. 2022 ജനുവരിയില്‍ മത്സരരംഗത്തേക്ക്‌ തിരിച്ചെത്തുമെന്ന് ഫെഡറര്‍ നേരത്തേ അറിയിച്ചിരുന്നു. വിംബിള്‍ഡണിലേറ്റ തോല്‍വിയ്ക്ക് ശേഷം ഫെഡറര്‍ കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 

'ഫെഡറര്‍ വിംബിള്‍ഡണില്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്. അദ്ദേഹം പരിക്കില്‍ നിന്ന് മോചിതനായി വരുന്നതേയുള്ളൂ. നൂറുശതമാനം പരിക്കില്‍ നിന്ന് മുക്തനായ ശേഷം മാത്രമേ മത്സരരംഗത്തേക്ക് തിരിച്ചെത്തൂ. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇറങ്ങാനാകില്ല. അദ്ദേഹത്തിന് 40 വയസ്സായി. മുന്‍പുള്ളപോലെ പെട്ടെന്ന് പരിക്കുമാറി മത്സരരംഗത്തേക്ക് തിരിച്ചുവരാന്‍ അദ്ദേഹത്തിന് സാധിച്ചെന്നുവരില്ല'- ല്യൂബിച്ചിച്ച് പറഞ്ഞു.

നിലവില്‍ ഏറ്റവുമധികം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ പുരുഷതാരങ്ങളിലൊരാളാണ് ഫെഡറര്‍. റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നിവരും 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിക്കൊണ്ട് ഫെഡറര്‍ക്കൊപ്പമുണ്ട്. 

Content Highlights: Roger Federer unlikely to take part in 2022 Australian Open