ബേണ്‍: ടെന്നീസ് ഇതിഹാസ താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ക്ക് വരാനിരിക്കുന്ന യു.എസ്. ഓപ്പണ്‍ നഷ്ടമാകും. കാല്‍മുട്ടിനേറ്റ പരിക്ക് മൂലമാണ് താരം മത്സരത്തില്‍ നിന്നും പിന്മാറുന്നത്. പരിക്ക് വഷളായതിനേത്തുടര്‍ന്ന് ഫെഡറര്‍ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. 

യു.എസ്. ഓപ്പണിന് ശേഷം നടക്കുന്ന മറ്റ് മത്സരങ്ങളില്‍ താരത്തിന് പങ്കെടുക്കാനാകുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം മാസങ്ങളോളം വിശ്രമം ആവശ്യമാണ്. 40 കാരനായ ഫെഡററുടെ കരിയറിനെത്തന്നെ ഇത് പ്രതികൂലമായി ബാധിച്ചേക്കും.

'ഞാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണ്. മാസങ്ങളോളം വീല്‍ചെയറില്‍ കാലം കഴിക്കേണ്ടിവരും. ഈ പ്രായത്തില്‍ ശസ്ത്രക്രിയ നടത്തിയാല്‍ മത്സരരംഗത്തേക്ക് തിരിച്ചുവരാനാകുമോ എന്ന ആശങ്ക എനിക്കുണ്ട്. എന്നാലും പരിക്കില്‍ നിന്നും മോചിതനായി ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്താന്‍ ഞാന്‍ പരമാവധി ശ്രമിക്കും'-ഫെഡറര്‍ പറഞ്ഞു.

അഞ്ചുതവണ യു.എസ്.ഓപ്പണ്‍ ചാമ്പ്യനായ ഫെഡറര്‍ ഈ വര്‍ഷം ആകെ 13 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടറിലെത്തിയെങ്കിലും പോളണ്ടിന്റെ ഹ്യൂബെര്‍ട്ട് ഹര്‍കാക്‌സിനോട് പരാജയപ്പെട്ടു. 

2018-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ ശേഷം പിന്നീടൊരു ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കാന്‍ മുന്‍ ലോക ഒന്നാം നമ്പറായ ഫെഡറര്‍ക്ക് കഴിഞ്ഞിട്ടില്ല. 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഫെഡറര്‍ കരിയറില്‍ ആകെ 103 കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Roger Federer to undergo another knee surgery, to miss US Open, will be out 'for many months'