മെല്‍ബണ്‍: കരിയറില്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാതെ ടെന്നീസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. 

വലത് കാല്‍മുട്ടില്‍ നടത്തിയ രണ്ട് ശസ്ത്രക്രിയകളെ തുടര്‍ന്ന് വിശ്രമത്തിലാണ് താരം. ഇതേ തുടര്‍ന്നാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ഫെഡററുടെ ഏജന്റ് അറിയിച്ചു. ശസ്ത്രക്രിയകളെ തുടര്‍ന്ന് ഫെബ്രുവരി മുതല്‍ ഫെഡറര്‍ വിശ്രമത്തിലാണ്.

2000-ല്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിച്ച ശേഷം തുടര്‍ച്ചയായ 21 വര്‍ഷം ഫെഡറര്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നു. കരിയറില്‍ ഇതാദ്യമായാണ് അദ്ദേഹം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നത്. ടൂര്‍ണമെന്റില്‍ ആറു തവണ ജേതാവായ താരമാണ് അദ്ദേഹം. 

2020 ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണാണ് ഫെഡറര്‍ അവസാനമായി പങ്കെടുത്ത പ്രധാന ടെന്നീസ് ടൂര്‍ണമെന്റ്. അന്ന് സെമിയില്‍ നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ട് പുറത്താകുകയായിരുന്നു. 

കോവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫെബ്രുവരി എട്ടിനാണ് ആരംഭിക്കുന്നത്.

Content Highlights: Roger Federer to miss Australian Open