വാഷിങ്ടണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടെന്നീസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. മാര്‍ച്ചില്‍ നടക്കുന്ന എ.ടി.പി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തുകൊണ്ടാണ് ഫെഡറര്‍ മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്.

മാര്‍ച്ചില്‍ ആരംഭിക്കുന്ന ദോഹ, ഖത്തര്‍ ഓപ്പണ്‍ ടൂര്‍ണമെന്റുകളില്‍ താരം കളിക്കും. 2020 ജനുവരിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് ഫെഡറര്‍ അവസാനമായി കളിച്ചത്. അതിനുശേഷം കാല്‍മുട്ടിനേറ്റ പരിക്കുമൂലം ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം വിശ്രമത്തിലായിരുന്നു.

ഈ മാസം നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും അസുഖത്തില്‍ നിന്നും പൂര്‍ണായി മുക്തനാകാത്തതിനെത്തുടര്‍ന്ന് ഫെഡറര്‍ പിന്നീട് കളിക്കുന്നില്ല എന്ന് വ്യക്തമാക്കി.

20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടി ലോകറെക്കോഡ് സ്ഥാപിച്ച മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഫെഡറര്‍ നിലവില്‍ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ്.

Content Highlights: Roger Federer to make tennis comeback in March