ലണ്ടന്‍: ഒന്നാം സീഡ് റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്ന് പുറത്ത്. അഞ്ചു സെറ്റ് നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണാണ് ഫെഡററെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2-6, 6-7, 7-5, 6-4,13-11.

വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് എട്ടാം സീഡായ ആന്‍ഡേഴ്‌സണ്‍ ഫെഡററെ വീഴ്ത്തിയത്. ആദ്യ രണ്ട് സെറ്റ് ഫെഡറര്‍ നേടിയെങ്കിലും മൂന്നും നാലും സെറ്റുകളില്‍ ആന്‍ഡേഴ്‌സണ്‍ തിരിച്ചുവന്നു. ഒടുവില്‍ അഞ്ചാം സെറ്റ് ടൈബ്രേക്കര്‍ വരെ നീണ്ടു. മൂന്നാം സെറ്റില്‍ ഫെഡറര്‍ക്ക് മാച്ച് പോയിന്റ് ലഭിച്ചിരുന്നു. ആ സമ്മര്‍ദ ഘട്ടത്തേയും ആന്‍ഡേഴ്‌സണ്‍ അതിജീവിച്ചു. ഫെഡറര്‍ക്കാകട്ടെ ആ മുന്‍തൂക്കം നിലനിര്‍ത്താനുമായില്ല.

എയ്‌സിലായിരുന്ന ആന്‍ഡേഴ്‌സണ് ആധിപത്യം. 28 എയ്‌സുകള്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ റാക്കറ്റില്‍ നിന്ന് പിറന്നപ്പോള്‍ ഫെഡറര്‍ 16 എയ്‌സുകളുതിര്‍ത്തു. 

കഴിഞ്ഞ വര്‍ഷം യു.എസ് ഓപ്പണിന്റെ ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ താരമെത്തിയിരുന്നു. അന്ന് മൂന്നു സെറ്റിനുള്ളില്‍ റാഫേല്‍ നഡാലിനോട് പരാജയപ്പെടുകയായിരുന്നു. ആദ്യമായാണ് ആന്‍ഡേഴ്‌സണ്‍ വിംബിള്‍ഡണിന്റെ സെമിഫൈനലിലെത്തുന്നത്.

അതേസമയം ജപ്പാനീസ് താരം കെയ് നിഷികോരിയെ പരാജയപ്പെടുത്തി സെര്‍ബിയന്‍ താരം  ദ്യോകോവിച്ച് സെമിഫൈനലിലെത്തി. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ദ്യോകോവിച്ചിന്റെ വിജയം. സ്‌കോര്‍: 6-3,3-6, 6-2,6-2.

 

Content Highlights: Roger Federer suffers stunning upset in Wimbledon quarterfinals Kevin Anderson