മഡ്രിഡ്: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെന്നീസ് ഇതിഹാസം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ കളിമണ്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം നടക്കുന്ന മഡ്രിഡ് ഓപ്പണില്‍ താരം കളിക്കും. 39 കാരനായ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഫെഡറര്‍ ടൂര്‍ണമെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

56 പേര്‍ പങ്കെടുക്കുന്ന മത്സരം മേയ് 2 മുതല്‍ 9 വരെ നടക്കും. നൊവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍ എന്നിവരും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫെഡറര്‍ ഈയിടെ ദോഹയില്‍ വെച്ചുനടന്ന ഖത്തര്‍ ഓപ്പണില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ തന്നെ താരം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

പിന്നീട് ടൂര്‍ണമെന്റുകളില്‍ നിന്നും വിട്ടുനിന്ന ഫെഡറര്‍ പരിശീലനത്തിനാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. 20 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡറര്‍ 2015 ന് ശേഷം ക്ലേ കോര്‍ട്ടില്‍ കിരീടം നേടിയിട്ടില്ല. കളിമണ്‍ കോര്‍ട്ടിലെ രാജാവ് നദാല്‍ തന്നെയായിരിക്കും ഫെഡററുടെ മഡ്രിഡ് ഓപ്പണിലെ പ്രധാന എതിരാളി

Content Highlights: Roger Federer set for clay court return in Madrid