പാരിസ്: മുൻ ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി. നാലാം റൗണ്ടിൽ ഒമ്പതാം സീഡ് മതിയോ ബെരെറ്റിനിയുമായിട്ടുള്ള മത്സരത്തിന് മുമ്പാണ് ഫെഡറർ ടൂർണമെന്റിൽ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കിയത്. കാൽമുട്ടിന് രണ്ട് ശസ്ത്രക്രിയ കഴിഞ്ഞതിനാലും ഒരു വർഷത്തെ വിശ്രമം ആവശ്യമായതിനാലുമാണ് പിൻവാങ്ങുന്നതെന്ന് ഫെഡറർ ട്വീറ്റിൽ പറയുന്നു.

മൂന്നാം റൗണ്ടിൽ ഡൊമിനിക് കൊപ്ഫെയ്ക്കെതിരായ മൂന്നു മണിക്കൂറും 35 മിനിറ്റും നീണ്ടു നിന്ന മത്സരത്തിന് ശേഷം പിന്മാറുന്ന കാര്യം ഫെഡറർ സൂചിപ്പിച്ചിരുന്നു. ടൂർണമെന്റിന്റെ കാഠിന്യം കൈകാര്യം ചെയ്യാൻ കാൽമുട്ടിന് കഴിയുന്നില്ലെന്നും ഫെഡറർ വ്യക്തമാക്കിയിരുന്നു.

വലത് കാൽമുട്ടിന് രണ്ടു ശസ്ത്രക്രിയക്ക് വിധേയനായ ശേഷം കഴിഞ്ഞ 18 മാസത്തിനിടെ ഫെഡറർ കളിച്ച ഏറ്റവും ദൈർഘ്യമേറിയ മത്സരമായിരുന്നു ഇത്. 2015-ന് ശേഷം രണ്ടാം തവണ മാത്രമാണ് ഫെഡറർ റോളണ്ട് ഗാരോസിൽ റാക്കറ്റെടുത്തത്. ഓഗസ്റ്റ് എട്ടിന് താരത്തിന് 40 വയസ്സ് പൂർത്തിയാകും.

Content Highlights: Roger Federer Pulls Out french open 2021