ടെന്നീസിലെ ഇതിഹാസ താരമാണ് റോജര്‍ ഫെഡറര്‍. വീഞ്ഞുപോലെ വീര്യം കൂടുന്ന ടെന്നീസ് കളിക്കാരന്‍. ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും, ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റുമ്പോഴും ഫെഡററെ കരയിപ്പിക്കുന്ന ഒരു കാര്യമുണ്ട്. സങ്കടത്തിലാഴ്ത്തുന്ന ഒരു സംഭവമുണ്ട്. മുന്‍ പരിശീലകന്‍ പീറ്റര്‍ കാര്‍ട്ടറിന്റൈ വേര്‍പാട്. 17 വര്‍ഷം മുമ്പ് മധുവിധു യാത്രക്കിടെ പീറ്റര്‍ കാര്‍ട്ടര്‍ അപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ഈ അടുത്ത് സി.എന്‍.എന്‍ നടത്തിയ ഒരു അഭിമുഖത്തിനിടയില്‍ ഫെഡറര്‍ വീണ്ടും വികാരാധീനനായി. ആ മരണം ഫെഡററുടെ ജീവിതത്തിലേല്‍പ്പിച്ച ആഘാതം വലുതായിരുന്നു. പക്ഷേ അതെല്ലാം വേഗത്തില്‍ മറികടന്ന സ്വിസ് താരം കഠിനമായി പരിശീലിക്കാന്‍ തുടങ്ങി. 2003-ല്‍ വിംബിള്‍ഡണ്‍ കിരീടം നേടി പീറ്ററിന്റെ സ്വപ്‌നം പൂര്‍ത്തിയാക്കി.

20 ഗ്രാന്‍സ്ലാമെന്ന നേട്ടത്തില്‍ ഫെഡറര്‍ എത്തിനില്‍ക്കുമ്പോള്‍ കാര്‍ട്ടറുണ്ടായിരുന്നെങ്കില്‍ എന്തുതോന്നുമായിരുന്നുവെന്ന ചോദ്യമാണ് ഫെഡററെ കരയിപ്പിച്ചത്. ഇതോടെ അവതാകര ഫെഡററോട് സോറി പറഞ്ഞു. സാരമില്ലെന്ന് പറഞ്ഞ ഫെഡറര്‍ ആ ചോദ്യത്തിന് ഇങ്ങനെ ഉത്തരം നല്‍കി. 'അദ്ദേഹം എന്നില്‍ അഭിമാനിക്കുമെന്നെനിക്കുറപ്പാണ്. ഞാന്‍ എങ്ങുമെത്താതെ പോകുന്നത് അദ്ദേഹത്തിന് സഹിക്കുമായിരുന്നില്ല. അദ്ദേഹത്തിന്റെ മരണം എനിക്കൊരു തിരിച്ചറിവായിരുന്നു. ഞാന്‍ കഠിനമായി പരിശീലിക്കാന്‍ തുടങ്ങി' 

ഇപ്പോഴും കാര്‍ട്ടറുടെ കുടുംബവുമായി ഫെഡറര്‍ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്. കാര്‍ട്ടറുടെ അച്ഛനും അമ്മയും പലപ്പോഴും ഫെഡററുടെ മത്സരങ്ങള്‍ കാണാന്‍ ഗാലറിയിലുണ്ടാകും.

 

 

Content Highlights: Roger Federer moved to tears in emotional tribute to former coach Peter Carter