ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ സെമി കാണാതെ റോജര്‍ ഫെഡറര്‍ പുറത്ത്. ക്വാര്‍ട്ടറില്‍ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയാണ് മൂന്നാം സീഡായ ഫെഡററെ തോല്‍പ്പിച്ചത്. നാല് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലായിരുന്നു 24-ാം സീഡുകാരനായ അര്‍ജന്റീന താരത്തിന്റെ വിജയം.

ആദ്യ സെറ്റ് കൈവിട്ട ഫെഡറര്‍ രണ്ടാം സെറ്റില്‍ തിരിച്ചുവരവ് നടത്തിയെങ്കിലും മൂന്നും നാലും സെറ്റുകളില്‍ ഡെല്‍ പോട്രൊ ആധിപത്യം സ്ഥാപിച്ചു. സ്‌കോര്‍: 7-5,3-6,7-6,6-4.

സെമിയില്‍ സ്പാനിഷ് താരം റാഫേല്‍ നഡാലാണ് ഡെല്‍ പോട്രോയുടെ എതിരാളി. റഷ്യയില്‍ നിന്നുള്ള യുവതാരം ആന്‍ഡ്രി റുബലേവിനെ പരാജയപ്പെടുത്തിയാണ് നഡാല്‍ സെമിയിലെത്തിയത്. മൂന്നു സെറ്റു മാത്രം നീണ്ടു നിന്ന പോരാട്ടത്തില്‍ വളരെ അനയാസമായിരുന്നു നഡാലിന്റെ വിജയം. സ്‌കോര്‍: 6-1,6-2,6-2.