കാന്‍ബറ: സംഗതി 20 തവണ ഗ്രാന്‍ഡ്സ്ലാം ജയിച്ച താരമൊക്കെ തന്നെ. പക്ഷേ പറഞ്ഞിട്ടെന്താ അക്രഡിറ്റേഷന് പാസ് മറന്നാല്‍ ഡ്രസിങ് റൂമില്‍ പോലും കടക്കാന്‍ പറ്റാതെ പുറത്തു നില്‍ക്കേണ്ടി വരും. ഓസ്ട്രേലിയന്‍ ഓപ്പണിനിടെ ലോകപ്രശസ്ത സ്വിസ് ടെന്നിസ് താരം സാക്ഷാല്‍ റോഡര്‍ ഫെഡറര്‍ക്കാണ് ഇത്തരമൊരു അനുഭവമുണ്ടായത്. ആറു വട്ടം ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം നേടിയ താരമാണ് ഫെഡറർ.
ഓസ്ട്രേലിയന്‍ ഓപ്പണിലെ മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ഫെഡററെ സുരക്ഷാ ഉദ്യോഗസ്ഥന് തടയുകയായിരുന്നു. ഫെഡറര്‍ അക്രഡിറ്റേഷന് പാസ് ധരിച്ചില്ലെന്നു ചൂണ്ടിക്കാണിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥന് താരത്തെ ഡ്രസിങ് റൂമിനകത്തേക്ക് കയറുന്നതില്‍ നിന്ന് വിലക്കിയത്.
എന്നാല്‍ യാതൊരു പ്രകോപനവും കൂടാതെ അവിടെ നിലയുറപ്പിച്ച ഫെഡറര്‍ തന്റെ ടീം അംഗങ്ങള്‍ വരുന്നതുവരെ കാത്തുനിന്നു. അധികം വൈകാതെ ഫെഡററുടെ അടുത്തെത്തിയ അദ്ദേഹത്തിന്റെ പരിശീലകന് ഇവാന് ലുബിസിച്ച് താരത്തിന്റെയും മറ്റൊരു ടീം അംഗത്തിന്റെയും പാസുകള്‍ കാണിച്ച ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥന് ഇവരെ അകത്ത് പ്രവേശിക്കാന്‍ അനുവദിച്ചത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഫെഡററുടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും പ്രശസ്തനായ ഒരു താരത്തെ മനസിലാകാത്ത സുരക്ഷാ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥന് താരത്തെ മനസിലാകാതിരുന്നതല്ലെന്നും അക്രഡിറ്റേഷന് പാസ് ധരിച്ചില്ലെന്നു ചൂണ്ടിക്കാണിച്ചതാണെന്നും വ്യക്തമാക്കി മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
Even @rogerfederer needs his accreditation 😂#AusOpen (via @Eurosport_UK)
— #AusOpen (@AustralianOpen) January 19, 2019
pic.twitter.com/oZETUaygSE
കരിയറിലെ ഏഴാമത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫെഡറര്‍. തന്റെ നൂറാമത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മത്സരത്തില്‍ അമേരിക്കന്‍ ടെന്നീസ് താരം ടൈലര്‍ സ്വിഫ്റ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഫെഡറര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രീക് താരം സ്റ്റെഫാനോസ് സ്റ്റിപാസിനോയാണ് ഫെഡററുടെ എതിരാളി.
അതോടൊപ്പം തന്നെ ഗ്രാന്‍ഡ്സ്ലാമിലെ നാലാം റൗണ്ടില്‍ ഏറ്റവും കൂടുതല്‍ തവണ കളിച്ച തന്റെ തന്നെ റെക്കോഡും അദ്ദേഹം തിരുത്തി. 63 തവണ നാലാം റൗണ്ടിലേക്ക് കടക്കുന്ന താരമായി മാറിയിരിക്കുകയാണ് അദ്ദേഹം.
Content Highlights: roger federer forgets accreditation denied entry to australian open