ജനീവ: കൊവിഡ്-19നെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരു മില്ല്യണ്‍ സ്വിസ് ഫ്രാങ്ക് സംഭാവന ചെയ്ത് ടെന്നീസ് താരം റോജര്‍ ഫെഡററും ഭാര്യ മിര്‍കയും. ഈ പ്രതിസന്ധിഘട്ടത്തില്‍ ആരും പട്ടിണിയില്‍ ആയിപ്പോകരുതെന്ന് നിര്‍ബന്ധമുണ്ടെന്നും അതിനാലാണ് പണം സംഭാവന ചെയ്യുന്നതെന്നും ഇരുവരും വ്യക്തമാക്കി.

ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതല്‍ പേര്‍ ഇത്തരത്തില്‍ സഹായവുമായി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു. ഭാര്യയോടൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്താണ് ഫെഡറര്‍ സഹായഹസ്തവുമായെത്തിയത്.

ഫെബ്രുവരിയില്‍ കാല്‍മുട്ടിന്റെ ശസ്ത്രക്രിയക്ക് വിധേയനായ ഫെഡറര്‍ വീട്ടില്‍ വിശ്രമത്തിലാണ്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോകത്തെ കായികമത്സരങ്ങളെല്ലാം മാറ്റിവെയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിരുന്നു. ടോക്യോ ഒളിമ്പിക്സ് വരെ 2021-ലേക്ക് നീട്ടിവെച്ചിരുന്നു. ജൂണ്‍ 24-ന് തുടങ്ങേണ്ടിയിരുന്ന ഫ്രഞ്ച് ഓപ്പണ്‍ സെപ്റ്റംബര്‍ 20-ലേക്ക് മാറ്റിവെച്ചിരുന്നു.

content highlights: Roger federer donates money to corona affected families