മെല്‍ബണ്‍: ടെന്നിസിലെ ഇതിഹാസങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയ ക്ലാസിക് ഫൈനലില്‍ അന്തിമ വിജയം റോജര്‍ ഫെഡറര്‍ക്ക്. അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ റാഫേല്‍ നഡാലിനെ തോല്‍പിച്ച് ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു. സ്‌കോര്‍: 6-4, 3-6, 6-1, 3-6, 6-4.

മുപ്പത്തഞ്ചാം വയസ്സില്‍ പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയ ഫെഡറര്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരമെന്ന റെക്കോഡ് അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഫെഡററുടെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. കരിയറിലെ 89-ാം കിരീടവും.

Read | വിജയ നിമിഷത്തില്‍ കണ്ണീരണിഞ്ഞ് ഫെഡറര്‍

6-4ന് ആദ്യ സെറ്റ് സ്വന്തമാക്കി ഫൈനലില്‍ ആദ്യം ലീഡ് സ്വന്തമാക്കിയത് ഫെഡറര്‍ തന്നെയാണ്. എന്നാല്‍ 6-3ന് രണ്ടാം സെറ്റ് നേടി റാഫ തിരിച്ചെത്തി. തൊട്ടടുത്ത സെറ്റില്‍ 6-1ന് ഫെഡറര്‍ നഡാലിനെ നിഷ്പ്രഭനാക്കിയെങ്കിലും നാലാം സെറ്റില്‍ ഫെഡറര്‍ മൂന്ന് പോയിന്റ് നേടുമ്പോഴേക്കും ആറു പോയിന്റിലെത്തി നഡാല്‍ വീണ്ടും സമനില പിടിച്ചു.

Nadal_Federer

നിര്‍ണായകമായ അവസാന സെറ്റില്‍ ആദ്യ രണ്ടു പോയിന്റുകള്‍ നഡാല്‍ സ്വന്തമാക്കിയതോടെ മത്സരം സ്പാനിഷ് താരത്തിന്റെ വഴിക്കെന്ന് തോന്നിച്ചു. എന്നാല്‍ സമ്മര്‍ദ്ദത്തില്‍ കൂടുതല്‍ കരുത്താര്‍ജിച്ച  റോജര്‍ 6-4ന് സെറ്റും മത്സരവും കൈപ്പിടിയിലൊതുക്കി.