റോട്ടെര്‍ഡാം: ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വീണ്ടും  ലോകടെന്നീസിന്റെ നെറുകയില്‍. റോട്ടര്‍ഡാം ഓപ്പണിലെ ക്വാര്‍ട്ടര്‍ വിജയത്തോടെ ഫെഡറര്‍ പുരുഷ സിംഗിള്‍സ് ഒന്നാം റാങ്കില്‍ തിരിച്ചെത്തി. 36-ാം വയസ്സില്‍ നേട്ടത്തിലെത്തി ഫെഡറര്‍ ചരിത്രമെഴുതുകയും ചെയ്തു.

ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് സ്വിസ് താരം സ്വന്തമാക്കിയത്. റാഫേല്‍ നഡാലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഫെഡററുടെ നേട്ടം. മരിയന്‍ സിലിച്ചാണ് മൂന്നാമത്.

റോട്ടര്‍ഡാം ഓപ്പണില്‍ റോബിന്‍ ഹാസയെ മൂന്നു സെറ്റില്‍ കീഴടക്കിയ ഫെഡറര്‍ സെമിഫൈനലിലെത്തുകയും ചെയ്തു. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഫെഡററുടെ തിരിച്ചുവരവ്. സ്‌കോര്‍: 4-6,6-1,6-1.

2016ല്‍ കാല്‍മുട്ടിനേറ്റ പരിക്കുമൂലം ഫെഡറര്‍ക്ക് സീസണിന്റെ പാതിയും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് താരം തിരിച്ചുവരികയായിരുന്നു. 2003ല്‍ 33 വയസ്സുള്ളപ്പോള്‍ ആന്ദ്രെ അഗാസി ഒന്നാം റാങ്കിലെത്തിയിരുന്നു.  ഈ റെക്കോഡാണ് സ്വിസ് താരം മറികടന്നത്.  

2012 നവംബറിന് ശേഷം ആദ്യമായാണ് ഫെഡറര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. 14 വര്‍ഷം മുമ്പ് ആദ്യമായി ഒന്നാം റാങ്കിലെത്തിയതിനേക്കാള്‍ പ്രത്യേകത ഈ നേട്ടത്തിനുണ്ടെന്ന് ഫെഡറര്‍ പ്രതികരിച്ചു. ഒരുപാട് കഠിനധ്വാം ഈ നേട്ടത്തിന് പിന്നിലുണ്ട്. പരിക്കിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടുവന്നതാണ്. വീണ്ടും ഒന്നാം റാങ്കിലെത്തുമെന്ന് ഞാന്‍  വിചാരിച്ചില്ല. ഇത് കരിയറിലെ ഏറ്റവും നിര്‍ണായകമായ നേട്ടമായി കരുതുന്നു'. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ അക്കൗണ്ടിലുള്ള ഫെഡറര്‍ പറയുന്നു. 

Content Highlights: Roger Federer becomes oldest number one