ഷാങ്ഹായ്: ടെന്നീസിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ വിജയം റോജര്‍ ഫെഡറര്‍ക്കൊപ്പം. ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നീസ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ നഡാലിനെയാണ് മുന്‍ ലോക ഒന്നാം നമ്പറും വിംബിള്‍ഡണ്‍ ചാമ്പ്യനുമായി ഫെഡറര്‍ തോല്‍പ്പിച്ചത്.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്വിസ് താരത്തിന്റെ വിജയം. 72 മിനിറ്റിനുള്ളില്‍ ഫെഡറര്‍ വിജയം കണ്ടു. സ്‌കോര്‍: 6-4,6-3. ഈ വര്‍ഷം ഫെഡറര്‍ നേടുന്ന ആറാമത്തെ കിരീടമാണ് ഷാങ്ഹായ് മാസ്റ്റേഴ്‌സ്. നഡാലിനെതിരെ ഈ വര്‍ഷം നേടുന്ന നാലാമത്തെ വിജയവും. 

കരിയറിലെ 94-ാം കിരീടം നേടിയ ഫെഡറര്‍ ഓപ്പണ്‍ എറേയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തില്‍ ഇവാന്‍ ലെന്‍ഡെലിനൊപ്പമെത്തി. 109 കിരീടം നേടിയ അമേരിക്കന്‍ താരം ജിമ്മി കോണോഴ്‌സാണ് ഒന്നാമതുള്ളത്.