പുണെ: ഡേവിസ് കപ്പ് ടെന്നീസ് ഏഷ്യ ഓഷ്യാനിയ മേഖലയിലെ ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡിനെ 4-1 ന് തോല്‍പ്പിച്ച് ഇന്ത്യ രണ്ടാം റൗണ്ടിലേക്ക് കടന്നു. റിവേഴ്സ് സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥന്‍ ന്യൂസീലന്‍ഡിന്റെ ഫിന്‍ ടിയര്‍ണിയെയും (75, 61, 60) യൂകി ഭാംബ്രി, ജോസ് സ്റ്റാഥത്തെയും (7-5, 3-6, 6-4) കീഴടക്കി.
ആദ്യ ദിവസത്തെ സിംഗിള്‍സില്‍ രാംകുമാര്‍ ജോസ് സ്റ്റാഥത്തെയും യൂകി ഭാംബ്രി ഫിന്‍ ടിയര്‍ണിയെയും തോല്‍പ്പിച്ചിരുന്നു. ശനിയാഴ്ച ഡബിള്‍സില്‍ പേസ്- വിഷ്ണുവര്‍ധന്‍ സഖ്യമാണ് തോറ്റത്. ഞായറാഴ്ച രണ്ടു സിംഗിള്‍സും ജയിച്ചതോടെ 4-1 എന്ന നിലയില്‍ വ്യക്തമായ ആധിപത്യത്തോടെ ജയിക്കാന്‍ ഇന്ത്യക്കായി.
ഇന്ത്യന്‍ടീമിന്റെ നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ആനന്ദ് അമൃതരാജിന്റെ അവസാന മത്സരമായിരുന്നു ഇത്. ഇനിമുതല്‍ ഈ സ്ഥാനത്ത് മുന്‍ താരം മഹേഷ് ഭൂപതി വരും. ഏപ്രില്‍ ഏഴുമുതല്‍ ഒമ്പതുവരെ ഉസ്ബെക്കിസ്ഥാനുമായാണ് രണ്ടാം റൗണ്ട് മത്സരം. ഇതില്‍ ജയിച്ചാല്‍ ഇന്ത്യ പ്ലേ ഓഫ് റൗണ്ടിലെത്തും ദക്ഷിണകൊറിയയെ മറികടന്നാണ് ഉസ്ബെക്കിസ്താന്‍ (3-1) രണ്ടാം റൗണ്ടിലെത്തിയത്.
പുണെ ബാലെവാഡി സ്റ്റേഡിയത്തിലെ ഛത്രപതി ശിവജി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടക്കുന്ന മത്സരത്തില്‍ ലോക റാങ്കിങ്ങില്‍ 276-ാം സ്ഥാനത്തുള്ള രാംകുമാര്‍, രണ്ടുമണിക്കൂര്‍ നീണ്ട പോരാട്ടത്തിലാണ് ഫിന്‍ ടിയര്‍ണിയെ മറികടന്നത്. രാംകുമാര്‍ 12 എയ്സുകള്‍ ഉതിര്‍ത്തു.
ഒരു മണിക്കൂര്‍ 55 മിനിറ്റ് നീണ്ടുനിന്ന രണ്ടാം സിംഗിള്‍സിലെ ഒന്നാം സെറ്റില്‍ യൂകി ഭാംബ്രി ഏറെ വിയര്‍ത്തു. രണ്ടാം സെറ്റ് കൈവിടുകയും ചെയ്തതോടെ സ്റ്റാഥം വിജയപ്രതീക്ഷയുണര്‍ത്തിയെങ്കിലും അവസാന സെറ്റില്‍ തിരിച്ചടിച്ച യൂകി 6-4 ന് സെറ്റും മത്സരവും സ്വന്തമാക്കി.
ലോകഗ്രൂപ്പിലെ മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയയും (4-1) ജപ്പാനെ കീഴടക്കി ഫ്രാന്‍സും (4-1) ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. സ്വിറ്റ്സര്‍ലന്‍ഡിനെ മറികടന്ന് അമേരിക്കയും റഷ്യയെ വീഴ്ത്തി സെര്‍ബിയയും അവസാന എട്ടിലേക്ക് മുന്നേറി.