മനാമ: എ.ടി.പി 80 മനാമ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന് കിരീടം. ഫൈനലില്‍ റഷ്യയുടെ എവ്ജീനി കാര്‍ലോവ്‌സ്‌കിയെ കീഴടക്കിയാണ് രാംകുമാര്‍ കിരീടത്തില്‍ മുത്തമിട്ടത്. 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 6-1, 6-4. രാംകുമാറിന്റെ കരിയറിലെ ആദ്യ എ.ടി.പി.ചലഞ്ചര്‍ കിരീടമാണിത്. പ്രഫഷണല്‍ താരമായി 12 വര്‍ഷത്തിനുശേഷമാണ് രാംകുമാര്‍ എ.ടി.പി.കിരീടം നേടുന്നത്‌.

ലോകറാങ്കിങ്ങില്‍ 222-ാം സ്ഥാനത്തുള്ള രാംകുമാര്‍ ടൂര്‍ണമെന്റിലെ ആറാം സീഡാണ്. കാര്‍ലോവ്‌സ്‌കി ലോകറാങ്കിങ്ങില്‍ 302-ാം സ്ഥാനത്താണ്. ഈ വിജയത്തോടെ ലോകറാങ്കിങ്ങില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ രാംകുമാറിന് സാധിക്കും. മാത്രമല്ല റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ താരം എന്ന നേട്ടവും സ്വന്തമാക്കും. 

നിലവില്‍ 215-ാം സ്ഥാനത്തുള്ള പ്രജ്‌നേഷ് ഗുണേശ്വരനാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മുന്നില്‍. സുമിത് നാഗല്‍ 219-ാം റാങ്കിലുണ്ട്. ഈ കിരീടനേട്ടത്തോടെ രാംകുമാര്‍ 186-ാം റാങ്കിലേക്ക് ഉയര്‍ന്നേക്കും. 

Content Highlights: Ramkumar Ramanathan wins maiden singles title on ATP Challenger Tour in Manama