ലണ്ടന്‍: ഇടത് കൈക്കുഴയ്ക്കേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് റാഫേൽ നഡാൽ വിംബിൾഡൺ ടെന്നിസിൽ നിന്നും വിട്ടുനിൽക്കുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ലോക നാലാം നമ്പര്‍ താരമായ നഡാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2008, 2010 വർഷങ്ങളിൽ വിംബിള്‍ഡൺ ചാമ്പ്യന്‍ കൂടിയായ നഡാലിന് ഫ്രഞ്ച് ഓപ്പണ്‍ മത്സരത്തിനിടെയാണ് ഇടതു കൈക്ക് പരിക്കേറ്റത്. ഫ്രഞ്ച് ഓപ്പണില്‍ കൈയിലെ കെട്ടുമായി നഡാല്‍ കളിക്കാനിറങ്ങിയെങ്കിലും മൂന്നാം റൗണ്ടിന് ശേഷം പിന്‍വാങ്ങി.

തനിക്ക് മത്സരരംഗത്ത് തിരിച്ചെത്താന്‍ അതിയായ ആഗ്രഹമുണ്ടെന്നും എന്നാല്‍ ചികിത്സിച്ച ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് വിംബിള്‍ഡണില്‍ നിന്ന് പിന്മാറുന്നതെന്നും നഡാല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഈ വര്‍ഷത്തെ മൂന്നാം ഗ്രാൻസ്ലാം ടൂര്‍ണമെന്റ് കൂടിയായ വിംബിള്‍ഡന്‍ ജൂണ്‍ 27 മുതലാണ് നടക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ  നാഡാലിന്റെ കൈയുടെ കെട്ടഴിക്കുകയുള്ളൂ. അതിനുശേഷം ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സ നടത്തേണ്ടതുണ്ടെന്ന് നഡാലിന്റെ വക്താവ് ബെനിറ്റോ പെരിസ് ബാര്‍ബാഡില്ലോ അറിയിച്ചു.

റാഫേലിന്റെ പിന്‍വാങ്ങാല്‍ വിംബിള്‍ഡണിന്റെ ആവേശം കെടുത്തുമെന്ന് ആരാധകര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 14 ഗ്രാൻസ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് നഡാലിന്റെ പേരിലുള്ളത്.