മഡ്രിഡ്: 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയ സ്‌പെയിനിന്റെ ഇതിഹാസ താരം റാഫേല്‍ നദാല്‍ മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറി. കളിമണ്‍ കോര്‍ട്ടില്‍ കൂടുതല്‍ സമയം പരിശീലിക്കുന്നതിന്റെ ഭാഗമായാണ് താരം മത്സരത്തില്‍ നിന്നും പിന്മാറിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനോട് തോല്‍വി വഴങ്ങിയതിനുശേഷം നദാല്‍ ഒരു ടൂര്‍ണമെന്റിലും പങ്കെടുത്തിട്ടില്ല. റോട്ടര്‍ഡാം ഓപ്പണില്‍ നിന്നും ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നുമെല്ലാം നദാല്‍ പിന്മാറിയിരുന്നു.

നിലവില്‍ ലോക മൂന്നാം നമ്പര്‍ താരമായ നദാല്‍ ഇതുവരെ മിയാമി ഓപ്പണില്‍ വിജയിച്ചിട്ടില്ല. ഏപ്രിലില്‍ ആരംഭിക്കുന്ന കളിമണ്‍ കോര്‍ട്ട് മത്സരങ്ങളില്‍ ശ്രദ്ധ ചെലുത്താനുള്ള തയ്യാറെടുപ്പിലാണ് നദാല്‍. നിലവില്‍ ഇതിഹാസ താരം റോജര്‍ ഫെഡററാണ് മിയാമി കിരീട ജേതാവ്.

Content Highlights: Rafael Nadal withdraws from Miami Open to focus on European clay season