ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ യു.എസ് ഓപ്പണ്‍ ടെന്നിസിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെയാണ് നദാല്‍ പരാജയപ്പെടുത്തിയത്. 

ആദ്യ സെറ്റില്‍ തീമിനെതിരെ ഒരു പോയിന്റുപോലുമില്ലാതെ കീഴടങ്ങിയതിനു ശേഷമായിരുന്നു നദാലിന്റെ തിരിച്ചുവരവ്. അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് തീം കീഴടങ്ങിയത്. സ്‌കോര്‍ 0-6, 6-4, 7-5, 6-7, 7-6. അവസാന രണ്ടു സെറ്റുകളിലും ട്രൈബ്രേക്കറിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്.

കൊടും ചൂടിലും കടുത്ത പോരാട്ടമാണ് തീം കാഴ്ചവെച്ചത്. ആദ്യ സെറ്റില്‍ നദാലിനെ തീര്‍ത്തും നിഷ്പ്രഭനാക്കിയ പ്രകടനമായിരുന്നു തീമിന്റേത്. രണ്ടും മൂന്നും സെറ്റുകള്‍ നേടി നദാല്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. പിന്നാലെ നാലാം സെറ്റ് തീം സ്വന്തമാക്കി. ഒടുവില്‍ വാശിയേറിയ അഞ്ചാം സെറ്റില്‍ ട്രൈബ്രേക്കറില്‍ നദാല്‍ ജയിച്ചുകയറി. 

സെമിയില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് നദാലിന്റെ എതിരാളി. ജോണ്‍ ഇസ്നറിനെ തോല്‍പ്പിച്ചാണ് ഡെല്‍പോട്രോ സെമിയില്‍ കടന്നത്. സ്‌കോര്‍: 6-7, 6-3, 7-6, 6-2.

അതേസമയം വനിതാവിഭാഗത്തില്‍ സെറീന വില്ല്യംസും സെമിയിലെത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയെയാണ് സെറീന ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 6-3.

Content Highlights: rafael nadal survives bagel to beat dominic thiem